ദുബായ്: ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പിന് ദുബായിലെ അമർ സെന്‍ററുകള്‍ വഴി ഇതിനകം അപേക്ഷ നൽകിയത് 32,800 അനധികൃത താമസക്കാർ. 25,000 പുതിയ വിസ അനുവദിച്ച് കഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു. പൊതുമാപ്പ് ഒരുമാസം പിന്നിടുമ്പോള്‍ ദുബായിലെ അമർ സെന്ററുകൾ വഴി 2,344 വിസകളാണ് റദ്ദാക്കിയത്.
2,916 പേരുടെ വിസ പുതുക്കുകയും ചെയ്തു. യു.എ.ഇ. മന്ത്രിസഭായോഗത്തിന്റെ പ്രഖ്യാപനം അനുസരിച്ച് യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരുവർഷത്തെ താമസ വിസ പിഴയില്ലാതെ അനുവദിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ. മേധാവി വ്യക്തമാക്കി. താമസരേഖകൾ കൃത്യമാക്കാൻ പിഴയില്ലാതെ 521 ദിർഹം ഫീസായി അടയ്ക്കുകയാണ് പൊതുമാപ്പിനപേക്ഷിക്കുന്നവർ ചെയ്യേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു.
നടപടികൾ എളുപ്പത്തിലും വേഗത്തിലും ആക്കാനുള്ള സംവിധാനങ്ങൾ അമർ സെന്ററുകളിൽ സജ്ജമാണെന്നും മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാറി അറിയിച്ചു. താമസരേഖകൾ ശരിയാക്കിയവർക്ക് ജോലി അന്വേഷിക്കാൻ ആറ് മാസത്തെ വിസയ്ക്ക് അപേക്ഷിക്കാം.നിലവിൽ 47 അമർ സെന്ററുകളാണ് ദുബായിലുള്ളത്.
വിസ, എമിറേറ്റ്‌സ് ഐ.ഡി. സംബന്ധമായ എല്ലാ ഇടപാടുകളും ഒരിടത്ത് ലഭിക്കുമെന്നതാണ് അമർ സെന്ററുകളുടെ പ്രത്യേകത. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ അമർ സെന്ററുകൾ പ്രവർത്തിക്കും. അടുത്തമാസം 31വരെയാണ് പൊതുമാപ്പ് കാലാവധി.. പൊതുമാപ്പിനുശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam