യുഎഇയില്‍ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതര്‍

By Web TeamFirst Published Feb 7, 2023, 6:29 PM IST
Highlights

2023ലെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ശതമാനം സ്വദേശിവത്കരണവും രണ്ടാം പകുതിയില്‍ അടുത്ത ഒരു ശതമാനം സ്വദേശിവത്കരണവുമാണ് പൂര്‍ത്തിയാക്കേണ്ടത്. 

അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് ബാധകമായ സ്വദേശിവത്കരണ നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. ഇതനുസരിച്ച് വാര്‍ഷിക സ്വദേശിവത്കരണ ടാര്‍ഗറ്റായ രണ്ട് ശതമാനത്തിന്റെ പകുതി വീതം ഓരോ അര്‍ദ്ധവര്‍ഷത്തിലും പൂര്‍ത്തിയാക്കണം.

2023ലെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ശതമാനം സ്വദേശിവത്കരണവും രണ്ടാം പകുതിയില്‍ അടുത്ത ഒരു ശതമാനം സ്വദേശിവത്കരണവുമാണ് പൂര്‍ത്തിയാക്കേണ്ടത്. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഫെഡറല്‍ നിയമം അനുസരിച്ച് 2022 മുതല്‍ വിദഗ്ധ തൊഴിലുകളില്‍ ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. ഇങ്ങനെ 2026 ആവുമ്പോഴേക്ക് ആകെ പത്ത് ശതമാനത്തിലേക്ക് സ്വദേശിവത്കരണ തോത് എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

2022ല്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 400 ദശലക്ഷത്തോളം ദിര്‍ഹമാണ് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പിഴയായി ഈടാക്കിയത്. രാജ്യത്തെ ആകെ സ്വകാര്യ കമ്പനികളില്‍ 9293 സ്ഥാപനങ്ങളും സ്വദേശിവത്കരണ ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം അര ലക്ഷത്തിലധികം സ്വദേശികള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്കുള്ള സര്‍ക്കാര്‍ സഹായ പദ്ധതിയായ നാഫിസ് പ്രഖ്യാപിച്ച ശേഷമാണ് ഇവരില്‍ 28,700 സ്വദേശികളും ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2022ല്‍ 70 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍. നാഫിസ് പദ്ധതിയില്‍ കൃത്രിമം കാണിച്ചതിനും സ്വദേശികള്‍ക്ക് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാഫിസ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും ഏതാനും കമ്പനികള്‍ നടപടികളും നേരിട്ടു. ചില സ്ഥാപന ഉടമകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Read also: പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് രേഖകള്‍ ശരിയാക്കില്ലെങ്കില്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

click me!