പുതിയ കേന്ദ്രനിയമം തുണയാവും; പണം തട്ടി മുങ്ങിയ ഇന്ത്യക്കാരെ കുടുക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍

By Web TeamFirst Published Feb 8, 2020, 11:20 PM IST
Highlights

നിലവില്‍ യുഎഇയിലെ ഒന്‍പത് ബാങ്കുകള്‍ ഇന്ത്യക്കാര്‍ക്കെതിരായ നിയമനടപടികള്‍ക്ക് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എമിറേറ്സ് എന്‍ബിഡി, അബുദാബി കൊമേഴ്‍സ്യല്‍ ബാങ്ക്, മശ്‍രിഖ് ബാങ്ക്, മറ്റ് റീജ്യണന്‍ ബാങ്കുകള്‍ തുടങ്ങിയവയാണ് ഇതിനോടകം തന്നെ നടപടികള്‍ തുടങ്ങിയതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്.

അബുദാബി: യുഎഇയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവരെ കുടുക്കാനൊരുങ്ങി യുഎഇയിലെ ബാങ്കുകള്‍. കേന്ദ്രസര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന നിയമത്തിന്റെ പശ്ചാത്തലത്തില്‍ വന്‍തുകകളുടെ വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ഇന്ത്യയില്‍ നിയമപരമായി നീങ്ങാന്‍ ബാങ്കുകള്‍ ഒരുക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇനിമുതല്‍ ഇന്ത്യയില്‍ നടപ്പാക്കാമെന്ന് കാണിച്ച് കഴിഞ്ഞ മാസം കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോണുകളെടുത്ത് മുങ്ങിയവര്‍ക്കെതിരെ യുഎഇ കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ നടപടികള്‍ സ്വീകരിക്കാനാവും. ഏകദേശം 50,000 കോടിയോളം രൂപയാണ് ഇന്ത്യക്കാര്‍ യുഎഇ ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്ത് മുങ്ങിയതെന്നാണ് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നത്.

ബാങ്കുകളുടെ ഓഹരി ഉടമകളുടെ പണമാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ അപഹരിച്ചതെന്നും അതുകൊണ്ടുതന്നെ വായ്‍പകള്‍ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ ബാങ്കുകള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ ബാങ്കിങ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവര്‍ ഇന്ത്യയിലോ ഇനി മറ്റേത് രാജ്യത്തോ ആണെങ്കിലും നിയമം അനുവദിക്കുന്ന എല്ലാ നടപടികളും സ്വീകരിച്ച് പണം തിരിച്ചുപിടിക്കും. യുഎഇയിലെ കോടതി ഉത്തരവ് ഇന്ത്യയില്‍ നടപ്പാക്കാനുള്ള നടപടികള്‍ ഇതിന് സഹായകമാകുമെന്നും അവര്‍ പറയുന്നു.

നിലവില്‍ യുഎഇയിലെ ഒന്‍പത് ബാങ്കുകള്‍ ഇന്ത്യക്കാര്‍ക്കെതിരായ നിയമനടപടികള്‍ക്ക് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എമിറേറ്സ് എന്‍ബിഡി, അബുദാബി കൊമേഴ്‍സ്യല്‍ ബാങ്ക്, മശ്‍രിഖ് ബാങ്ക്, മറ്റ് റീജ്യണന്‍ ബാങ്കുകള്‍ തുടങ്ങിയവയാണ് ഇതിനോടകം തന്നെ നടപടികള്‍ തുടങ്ങിയതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തില്‍ ബാങ്കുകളുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. വായ്പയെടുത്ത് മുങ്ങുന്നത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ വ്യത്യസ്ഥമായതിനാല്‍ ഇത് സംബന്ധിച്ച് ഇന്ത്യയിലെ കോടതികള്‍ കൈക്കൊള്ളുന്ന നടപടികള്‍ എങ്ങനെയാകുമെന്ന് വ്യക്തമല്ല. 

click me!