യുഎയിലെ ബാങ്കുകള്‍ 930 ജീവനക്കാരെ പിരിച്ചുവിട്ടു; അടച്ചുപൂട്ടിയത് 49 ബ്രാഞ്ചുകള്‍

By Web TeamFirst Published Feb 23, 2020, 2:47 PM IST
Highlights

2019ലെ രണ്ടാം പാദത്തില്‍ ആകെ 36,448 ബാങ്ക് ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 35,518 പേരായി ജീവനക്കാരുടെ എണ്ണം കുറഞ്ഞു. യുഎഇ കേന്ദ്രബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. 

അബുദാബി: കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ യുഎഇയിലെ ബാങ്കുകള്‍ 930 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കുകള്‍. ഇക്കാലയളവില്‍ 49 ശാഖകളാണ് വിവിധ ബാങ്കുകള്‍ അടച്ചുപൂട്ടിയത്. ബാങ്കുകളുടെ ലയനവും ചെലവ് ചുരുക്കല്‍ നയങ്ങളുമാണ് ജീവനക്കാരുടെയും ശാഖകളുടെയും എണ്ണം കുറയാന്‍ കാരണം.

2019ലെ രണ്ടാം പാദത്തില്‍ ആകെ 36,448 ബാങ്ക് ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 35,518 പേരായി ജീവനക്കാരുടെ എണ്ണം കുറഞ്ഞു. യുഎഇ കേന്ദ്രബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ജൂണ്‍ മാസത്തില്‍ ആകെ 713 ബാങ്ക് ശാഖകളുണ്ടായിരുന്ന സ്ഥാനത്ത് സെപ്‍തംബറില്‍ 664 ശാഖകളായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ട് ബാങ്കുകള്‍ ലയിച്ചതോടെ രാജ്യത്തെ ആകെ കൊമേഴ്സ്യല്‍ ബാങ്കുകളുടെ എണ്ണം 59 ആയി. ഇവയില്‍ 38 എണ്ണം വിദേശ ബാങ്കുകളാണ്.

കഴിഞ്ഞ വര്‍ഷം മേയിലാണ് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്കുമായി ലയിക്കുകയും ഈ സ്ഥാപനം അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന്റെ ഭാഗമായി ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിരവധി ബാങ്കുകള്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. 

click me!