യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി

By Web TeamFirst Published Jul 2, 2021, 5:03 PM IST
Highlights

യുഎഇ അടുത്തിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നാണ് സ്വദേശികളെ തടയുന്നത്. 

അബുദാബി: ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ യുഎഇ പൗരന്മാര്‍ക്ക് വിലക്ക്. യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുമാണ് വിലക്കേര്‍പ്പെടുത്തിയത്.

യുഎഇ അടുത്തിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നാണ് സ്വദേശികളെ തടയുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‍നാം, നമീബിയ, സാമ്പിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളാണ് വിലക്കുള്ള പട്ടികയിലുള്ളത്. ഈ രാജ്യങ്ങളിലെ യുഎഇ നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും അത്യാവശ്യ ചികിത്സാ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കും നേരത്തെ അംഗീകാരം ലഭിച്ച ബിസിനസ്, സാങ്കേതിക സംബന്ധമായ യാത്രകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

യുഎഇയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും കൊവിഡ് മഹാമാരി കാരണം ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യവും പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണം. യാത്രയ്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ക്വാറന്റീനില്‍ പോകണമെന്നും അതത് സ്ഥലങ്ങളിലെ നിബന്ധനകള്‍ പാലിക്കുന്നതിനൊപ്പം ആ രാജ്യങ്ങളിലെ യുഎഇ എംബസിയില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച യുഎഇ സ്വദേശികളെ എല്ലാ മുന്‍കരുലുകളും പാലിച്ചുകൊണ്ട് രാജ്യത്തേക്ക് മടങ്ങിവരാന്‍ അനുവദിക്കുമെന്നും പ്രസ്‍താവനയില്‍ പറയുന്നു.

click me!