യുഎഇയില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് രോഗം പകര്‍ന്നത് ഒരാളില്‍ നിന്ന്

By Web TeamFirst Published Mar 23, 2020, 7:57 PM IST
Highlights

വൈറസ് ബാധിതനായ ഒരാള്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ ശേഷം ചട്ടപ്രകാരമുള്ള നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാതെ മറ്റുള്ളവരുമായി ഇടപഴകിയതായി അധികൃതര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ 17 പേര്‍ക്ക് രോഗം പകര്‍ന്നു. 

അബുദാബി: യുഎഇയില്‍ ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 45 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 198 ആയി. ഇന്ത്യക്കാര്‍ക്ക് പുറമെ യു.കെ, കാനഡ, ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇറാഖ്, കുവൈത്ത്, പാകിസ്ഥാന്‍, ഇറ്റലി, പെറു, എത്യോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി അറിയിച്ചു.

വൈറസ് ബാധിതനായ ഒരാള്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ ശേഷം ചട്ടപ്രകാരമുള്ള നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാതെ മറ്റുള്ളവരുമായി ഇടപഴകിയതായി അധികൃതര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ 17 പേര്‍ക്ക് രോഗം പകര്‍ന്നു. അതേസമയം യുഎഇയില്‍ ഇന്ന് മൂന്ന് പേര്‍ കൂടു രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധ ഭേദമായവരുടെ എണ്ണം 41 ആയി.

അതേസമയം കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.  യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് തീരുമാനമെടുത്തത്.  

ചരക്ക് വിമാനങ്ങളും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയുള്ള ട്രാൻസിറ്റ് യാത്രയും അനുവദിക്കില്ല.  

click me!