യുഎഇയില്‍ പള്ളിയില്‍ വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് വധശിക്ഷ

By Web TeamFirst Published Jul 28, 2019, 4:19 PM IST
Highlights

30കാരനായ പ്രതിക്കെതിരെ ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. 2017 മാര്‍ച്ച് മാസത്തില്‍ തന്റെ വീടിന് സമീപത്തെ പള്ളിയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ നേരെ പ്രതി പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. 

അബുദാബി: യുഎഇയില്‍ പള്ളിയില്‍വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് കോടതി വധശിക്ഷ വിധിച്ചു. 2017ല്‍ അല്‍ഐനില്‍ വെച്ചായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം. കേസില്‍ കീഴ്‍കോടതി നേരത്തെ വിധിച്ച വധശിക്ഷ പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.

30കാരനായ പ്രതിക്കെതിരെ ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. 2017 മാര്‍ച്ച് മാസത്തില്‍ തന്റെ വീടിന് സമീപത്തെ പള്ളിയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ നേരെ പ്രതി പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളുടെ പേരിലായിരുന്നു കൊലപാതകമെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. കൊലപ്പെടുത്താനായി നിയമവിരുദ്ധമായി തോക്ക് വാങ്ങി സൂക്ഷിച്ചു. സംഭവ ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങി പള്ളിയില്‍ കയറുന്നത് വരെ പ്രതി യുവാവിനെ നിരീക്ഷിച്ചു. പിന്നീട് പള്ളിയുടെ പുറത്ത് കാത്തിരുന്നു. പള്ളിയില്‍ നിന്ന് മറ്റുള്ളവര്‍ ഇറങ്ങിയ ശേഷമാണ് അകത്തേക്ക് കയറിച്ചെന്ന് പിന്നില്‍നിന്ന് വെടിയുതിര്‍ത്തത്. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട പ്രതി പിന്നീട് അല്‍ഐന്‍ സിറ്റിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പള്ളിക്ക് സമീപത്തുണ്ടായിരുന്ന ദൃക്സാക്ഷികളും കോടതിയില്‍ പ്രതിക്ക് പ്രതികൂലമായ മൊഴി നല്‍കി. ആസൂത്രിതമായ കൊലപാതകം, നിയമവിരുദ്ധമായി ആയുധം കൈവശം വെയ്ക്കല്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഇസ്ലാമിക ആരാധനകളെയും ആരാധനലായങ്ങളെയും അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. അല്‍ഐന്‍ പ്രാഥമിക ക്രിമിനല്‍ കോടതിയും പിന്നീട് അപ്പീല്‍ കോടതിയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

click me!