
അബുദാബി: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിനിടയിൽ, യുഎഇക്ക് നേരെ ഇറാൻ തൊടുത്ത 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും ഇന്ന് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. മാർച്ച് 29 ഞായറാഴ്ചയാണ് യുഎഇ പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇറാന്റെ പ്രകോപനപരമായ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 414 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂയിസ് മിസൈലുകൾ, 1,914 ഡ്രോണുകൾ എന്നിവ യുഎഇ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടിട്ടുണ്ട്.
ഈ ആക്രമണങ്ങളിൽ ഇതുവരെ ആകെ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രണ്ട് സൈനികർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ചു. സൈന്യത്തിന് കീഴിൽ ജോലി ചെയ്തിരുന്ന സിവിലിയൻ കോൺട്രാക്ടറായ ഒരു മൊറോക്കൻ പൗരൻ കൊല്ലപ്പെട്ടു. എട്ട് സാധാരണക്കാരും മരിച്ചു. ഇതിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കൂടാതെ, മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും മറ്റും 178 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്‌റൈന്റെ (Alba) ആസ്ഥാനത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് നിസ്സാര പരിക്കുകളാണ് ഉണ്ടായതെന്നും ഇവരുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉൽപ്പാദകരിൽ ഒന്നായ അൽബയുടെ പ്ലാന്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങൾ കമ്പനി വിലയിരുത്തി വരികയാണ്. അതേസമയം മാർച്ച് 28ന് ബഹ്‌റൈൻ പ്രതിരോധ സേന 20 മിസൈലുകളും 23 ഡ്രോണുകളും തകർത്തു. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 174 മിസൈലുകളും 385 ഡ്രോണുകളുമാണ് ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam