ഇറാൻ യുഎഇക്ക് നേരെ തൊടുത്തത് 165 ബാലിസ്റ്റിക് മിസൈലുകൾ, 541 ഡ്രോണുകൾ; രണ്ട് ദിവസത്തിനിടെ മൂന്ന് മരണം, 58 പേർക്ക് പരിക്ക്

Published : Mar 02, 2026, 04:55 PM IST
uae flag

Synopsis

ശനിയാഴ്ച മുതൽ ഇറാൻ യുഎഇക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും വിക്ഷേപിച്ചു. ഭൂരിഭാഗവും തകർത്തുവെങ്കിലും ആക്രമണങ്ങളിൽ മൂന്ന് പ്രവാസികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

അബുദാബി: ശനിയാഴ്ച മുതൽ ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടത് 165 ബാലിസ്റ്റിക് മിസൈലുകൾ. ഇതിൽ 152 എണ്ണവും പ്രതിരോധ സംവിധാനങ്ങൾ തകർത്തു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന മിസൈൽ, -ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പ്രവാസികളാണ് മരിച്ചത്.

ആകെ വിക്ഷേപിച്ച 541 ഡ്രോണുകളിൽ 506 എണ്ണം തകർക്കാനായെങ്കിലും 35 എണ്ണം ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു. ഇവ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കി. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. സ്വദേശികളും വിദേശികളുമായ 58 പേർക്ക് നിസാര പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരിൽ ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യക്കാരായ താമസക്കാരും ഉൾപ്പെടുന്നു.

ആക്രമണത്തിന്‍റെ രണ്ടാം ദിവസം

ആക്രമണത്തിന്റെ രണ്ടാം ദിവസം യുഎഇ വ്യോമപ്രതിരോധ സേന ശക്തമായ പ്രതിരോധമാണ് നടത്തിയത്. ബാലിസ്റ്റിക് മിസൈലുകൾ 20 എണ്ണം തകർത്തു, 8 എണ്ണം കടലിൽ പതിച്ചു. ക്രൂയിസ് മിസൈലുകൾ 2 എണ്ണം കണ്ടെത്തി തകർത്തതായും അധികൃതർ അറിയിച്ചു. 11 ഡ്രോണുകൾ ആകാശത്തുവെച്ച് തകർത്തു. എന്നാൽ 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്

മിസൈലുകളും ഡ്രോണുകളും തകർക്കുമ്പോൾ തെറിച്ചുവീണ അവശിഷ്ടങ്ങൾ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യം അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സേന സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

അമേരിക്കൻ സൈനിക വിമാനങ്ങൾ തകർന്നു

ഇന്ന് രാവിലെ നിരവധി യു എസ് സൈനിക വിമാനങ്ങൾ കുവൈത്തിൽ അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യപരിശോധനയും ആവശ്യമായ ചികിത്സയും നൽകി. അവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്ന് അധികൃതർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ, എണ്ണ ഉൽപ്പാദനത്തെ ബാധിക്കുമോ?
എംബസി പരിസരത്തേക്ക് പോകരുത്, ഹോട്ടലുകൾ ഒഴിയണം; ഭീഷണി ഒഴിയുന്നില്ല, മുന്നറിയിപ്പുകളുമായി കുവൈത്തിലെയും ബഹ്റൈനിലെയും എംബസികൾ