
അബുദാബി: യുഎഇയില്‍ എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്‍റെ കുടുംബത്തിന് അല്‍ ഐനിലെ ഒരു ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഷോപ്പിങ് മാളിന്റെ ഉടമസ്ഥരോട് അറബ് വംശജരായ കുടുബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.
13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്‍റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ