കൊവിഡ് പ്രതിസന്ധി; യുഎഇയിലെ കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും അനുമതി

By Web TeamFirst Published Mar 30, 2020, 11:53 PM IST
Highlights

കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും.

അബുദാബി: സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ  സര്‍ക്കാര്‍ ഉത്തരവിറക്കി.  ആവശ്യമെങ്കില്‍ കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി.  കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ട് പേര്‍കൂടി മരിച്ചു. ഗല്‍ഫില്‍ മരണസംഖ്യ 18ആയി.   

കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ–ദീർഘകാല അവധി നൽകാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നൽകിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു.  

കോവിഡ് പ്രതിസന്ധിയിൽപെട്ട കമ്പനികൾക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ്  നിര്‍ദ്ദേശം. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ നടത്തിയ ചർച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോൾ അവർക്ക് മറ്റു സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള സാവകാശം നൽകണമെന്നും ഉത്തരവില്‍ പറയുന്നു. അതത് കമ്പനികൾ തന്നെ മന്ത്രാലത്തിന്റെ വെബ്സൈറ്റിൽ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളിൽ ജോലി ലഭ്യമാക്കാൻ അവരമൊരുക്കണമെന്നും നിർദേശിക്കുന്നു. 

മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാൻ അനുവദിക്കുകയും ഇവർക്ക് കുടിശ്ശികയുള്ള ആനുകൂല്യം നൽകുകയും വേണമെന്നും  മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി. തീരുമാനം മലയാളികളടക്കമുള്ള വിദേശികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം യുഎഇയില്‍ സ്കൂള്‍ പഠനം ജൂണ്‍മാസം വരെ വീട്ടിലിരുന്ന് മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ ലേണിംഗ് തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാസ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയിട്ടുണ്ട്.  കോവി‍ഡ് 19 ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചതോടെ യുഎഇയിൽ മരണസംഖ്യ അഞ്ചായി. പുതുതായി 41 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 

click me!