യുഎഇയിലെ 256 സ്കൂളുകളില്‍ ഇനി ഹോം വര്‍ക്ക് ഇല്ല

By Web TeamFirst Published Feb 12, 2020, 4:11 PM IST
Highlights

സ്കൂള്‍ പ്രവൃത്തി സമയത്ത് തന്നെ വിദ്യാര്‍ത്ഥികളുടെ സമയം പരമാവധി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‍കാരമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലുബ്‍ന അല്‍ ശംസി പറഞ്ഞു. 

അബുദാബി: യുഎഇയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇനി മുതല്‍ ഹോം വര്‍ക്ക് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദുബായിലെ 23 സ്കൂളുകളിലും അബുദാബിയിലെ 233 സ്കൂളുകളിലുമാണ് ഫെബ്രുവരി 16 മുതല്‍ ഹോം വര്‍ക്ക് ഒഴിവാക്കുന്നത്. അധ്യയന നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി.

സ്കൂള്‍ പ്രവൃത്തി സമയത്ത് തന്നെ വിദ്യാര്‍ത്ഥികളുടെ സമയം പരമാവധി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‍കാരമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലുബ്‍ന അല്‍ ശംസി പറഞ്ഞു. അറബിക്, ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഡിസൈന്‍ ആന്റ് ടെക്നോളജി എന്നിവയ്ക്ക് 90 മിനിറ്റുകള്‍ വീതം നീളുന്ന ക്ലാസുകളാണുണ്ടാവുക. ഇതില്‍ അഞ്ച് മിനിറ്റ് മെന്റല്‍ സ്റ്റിമുലേഷനും ബാക്കി 50 മിനിറ്റ് അധ്യയനവുമായിരിക്കും. ശേഷിക്കുന്ന സമയം പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുമെന്നും അല്‍ ശംസി പറഞ്ഞു.

പഠനകാര്യങ്ങളും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടുപോകാന്‍, ഹോം വര്‍ക്കില്ലാത്ത പുതിയ സംവിധാനത്തിലൂടെ സാധിക്കും. കുട്ടികള്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ഇത് അത്യാവശ്യമാണെന്നും അല്‍ ശംസി പറഞ്ഞു. നിലവിലെ സ്കൂള്‍ സമയം ദീര്‍ഘിപ്പിക്കില്ല. ദുബായിലെ ചില സ്വകാര്യ സ്കൂളുകള്‍ നേരത്തെ തന്നെ ഹോം വര്‍ക്ക് ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു.

click me!