
അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‍പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. ദുബായ് മീഡിയാ ഓഫിസാണ് ട്വീറ്റിലൂടെ ഇകാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചവരെ യുഎഇ പാസ്പോര്‍ട്ടിന് നാലാം സ്ഥാനമായിരുന്നു.
യുഎഇ പാസ്പോര്‍ട്ടിന്‍റെ വീസ ഫ്രീ സ്കോര്‍ 163 ആയി ഉയര്‍ന്നു. അതായത് 113 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 35 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വീസ വേണ്ടിവരിക.
നേരത്തെ ആർടൻ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച ആഗോള സൂചികയില്‍ ഒന്‍പതാം സ്ഥാനത്ത് നിന്ന് യുഎഇ നാലാം സ്ഥാനത്തെത്തിയിരുന്നു. പുതിയ പട്ടിക പ്രകാരം ബെല്‍ജിയം, ഓസ്ട്രിയ, ജപ്പാന്‍, ഗ്രീസ്, പോര്‍ട്ടുഗല്‍, സ്വിറ്റ്സർലൻഡ്, യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇ മൂന്നാം സ്ഥാനം പങ്കിടുന്നത്.
അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. വീസ ഫ്രീ സ്കോര്‍ 165 ഉള്ള സിംഗപ്പൂര്‍, ജർമനി എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കാണ് ഒന്നാം സ്ഥാനം. 164 വീസ ഫ്രീ സ്കോര്‍ ഉള്ള യുഎസ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങി 11 രാജ്യങ്ങളുടെ പാസ്പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam