യുഎഇ ആണവ നിയന്ത്രണ അതോറിറ്റി ഡയറക്ടർ ജനറലായി ഹമദ് അൽ കഅബിയെ നിയമിച്ചു

Published : Jun 08, 2026, 08:20 AM IST
Hamed Ali Mohammed Al Kaabi

Synopsis

യുഎഇയുടെ ആണവ സുരക്ഷാ അതോറിറ്റിയായ 'ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ' (FANR) പുതിയ ഡയറക്ടർ ജനറലായി ഹമദ് അലി മുഹമ്മദ് അൽ കഅബിയെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇയിലെ ആണവ സുരക്ഷ, റേഡിയേഷൻ പ്രതിരോധം, ആണവ നിലയങ്ങളുടെ നിയന്ത്രണം എന്നിവയാണ് FANR-ന്റെ പ്രധാന ചുമതലകൾ.

അബുദാബി: യുഎഇയുടെ ആണവ സുരക്ഷാ കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്വതന്ത്ര സ്ഥാപനമായ 'ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻറെ' (FANR) പുതിയ ഡയറക്ടർ ജനറലായി ഹമദ് അലി മുഹമ്മദ് അൽ കഅബിയെ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചു. ഞായറാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിലാണ് ഈ സുപ്രധാന നിയമനം വ്യക്തമാക്കിയത്.

2015 മുതൽ ഈ പദവിയിലിരുന്ന പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ക്രിസ്റ്റർ വിക്ടേഴ്സന് പകരക്കാരനായാണ് അൽ കഅബി ചുമതലയേൽക്കുന്നത്. ആണവ ഊർജ്ജം, ആണവ സുരക്ഷ, ആണവായുധ വ്യാപന നിരോധനം എന്നീ വിഷയങ്ങളിൽ യുഎഇ സർക്കാരും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും തമ്മിലുള്ള ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നത് അൽ കഅബിയാണ്. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂക്ലിയർ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. യുഎഇയുടെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഓർഡർ ഓഫ് സായിദ് സെക്കൻഡ് ക്ലാസ്' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

എന്താണ് എഫ്എഎൻആർ?

യുഎഇയുടെ ആണവ സുരക്ഷ, ആണവായുധ സുരക്ഷിതത്വം, റേഡിയേഷൻ പ്രതിരോധം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനും അന്താരാഷ്ട്ര ആണവ കരാറുകൾ രാജ്യത്ത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള ഒരു സ്വതന്ത്ര നിയന്ത്രണ അതോറിറ്റിയാണിത്. യുഎഇയിലെ ആണവനിലയങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, അവയുടെ പ്രവർത്തനം അവസാനിപ്പിക്കൽ എന്നിവയുടെ പൂർണ്ണമായ നിയന്ത്രണാധികാരം ഈ അതോറിറ്റിക്കാണ്. ഇതുകൂടാതെ, രാജ്യത്തെ ചികിൽസാ രംഗത്തും ഗവേഷണങ്ങൾക്കും മറ്റ് വ്യവസായങ്ങൾക്കുമായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് പദാർത്ഥങ്ങളുടെയും റേഡിയേഷൻ സ്രോതസ്സുകളുടെയും നിയന്ത്രണവും മേൽനോട്ടവും ഈ അതോറിറ്റി തന്നെയാണ് നിർവ്വഹിക്കുന്നത്. സുരക്ഷാ അവബോധം, കാര്യക്ഷമത, സുതാര്യത, നിഷ്പക്ഷത എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി സമൂഹത്തിനാകെ പണിയുണ്ടാക്കരുത്; സോഷ്യല്‍ മീഡിയയില്‍ പരിധിവിടുന്നവരോട് ഒരു അഭ്യര്‍ത്ഥന
കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി കുവൈത്തിൽ അറസ്റ്റിൽ