യുഎഇയിലെ ഹജ്ജ് അവധി; ശമ്പളമുണ്ടോ? എത്ര ദിവസം? അവധി എങ്ങനെ ലഭിക്കും? അറിയേണ്ടതെല്ലാം

Published : Apr 10, 2026, 05:06 PM IST
Mecca

Synopsis

യുഎഇ തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് ഹജ്ജ് നിർവ്വഹിക്കാൻ പ്രത്യേക അവധിക്ക് അർഹതയുണ്ട്. സാധാരണയായി 30 ദിവസം വരെ ശമ്പളമില്ലാതെ ലഭിക്കുന്ന ഈ അവധി, ഒരേ തൊഴിലുടമയുടെ കീഴിൽ സർവീസ് കാലയളവിൽ ഒരു തവണ മാത്രമേ ലഭിക്കൂ. ഫ്രീ സോണുകളിൽ നിയമങ്ങളിൽ വ്യത്യാസങ്ങളുണ്ട്, അവധിക്ക് നേരത്തെ അപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

അബുദാബി: യുഎഇ തൊഴിൽ നിയമപ്രകാരം, ഹജ്ജ് നിർവ്വഹിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കാറുണ്ട്. ഇത് സാധാരണ അവധികളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. യുഎഇ തൊഴിൽ നിയമപ്രകാരം ഹജ്ജ് അവധിക്ക് ചില പ്രത്യേക നിബന്ധനകളുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ഹജ്ജ് അവധി ശമ്പളമില്ലാത്തതാണ് (Unpaid leave). പരമാവധി 30 ദിവസം വരെയാണ് ഈ അവധി അനുവദിക്കുന്നത്.ഒരേ തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുമ്പോൾ സർവീസ് കാലയളവിൽ ഒരു തവണ മാത്രമേ ഹജ്ജ് അവധി ലഭിക്കൂ. നിലവിലെ ജോലിയിൽ ഒരിക്കൽ ഈ അവധി എടുത്തവർക്ക് വീണ്ടും അതിന് അർഹതയുണ്ടാവില്ല.

ഫ്രീ സോണുകളിലെ നിയമങ്ങൾ

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC), അബുദാബി ഗ്ലോബൽ മാർക്കറ്റ് (ADGM) തുടങ്ങിയ ഫ്രീ സോണുകളിൽ നിയമങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ മുസ്ലിം ജീവനക്കാർ കുറഞ്ഞത് ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം. 21 ദിവസം വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും. അബുദാബി ഗ്ലോബൽ മാർക്കറ്റിൽ ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് 30 കലണ്ടർ ദിനങ്ങൾ വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും.

എങ്ങനെ അപേക്ഷിക്കണം

ഹജ്ജ് അവധി ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒന്നായതിനാൽ, ഏറ്റവും നേരത്തെ അപേക്ഷിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ അഭാവത്തിൽ ജോലി ക്രമീകരിക്കാൻ തൊഴിലുടമയ്ക്ക് സമയം നൽകേണ്ടതുണ്ട്. മാസങ്ങൾക്ക് മുമ്പോ കുറഞ്ഞത് ആഴ്ചകൾക്ക് മുമ്പോ അപേക്ഷ സമർപ്പിക്കുന്നത് അവധി അംഗീകരിക്കപ്പെടാൻ സഹായിക്കും.

ഓരോ കമ്പനിയുടെയും ആഭ്യന്തര നയങ്ങൾക്കനുസരിച്ച് അപേക്ഷിക്കേണ്ട രീതിയിൽ മാറ്റമുണ്ടാകും. മാനേജർക്കോ എച്ച്ആർ വിഭാഗത്തിനോ രേഖാമൂലം അപേക്ഷ നൽകണം. ഹജ്ജ് രജിസ്‌ട്രേഷൻ രേഖകൾ, യാത്രാ വിവരങ്ങൾ (Itinerary), ടിക്കറ്റ് ബുക്കിംഗ് എന്നിവയുടെ പകർപ്പുകൾ തൊഴിലുടമ ആവശ്യപ്പെട്ടേക്കാം.അവധിയിൽ പോകുന്നതിന് മുമ്പ് നിലവിലുള്ള ജോലികൾ പൂർത്തിയാക്കുകയോ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുകയോ ചെയ്യേണ്ടതായി വരും. സുഗമമായ ജോലി കൈമാറ്റത്തിനോ മറ്റോ തൊഴിലുടമ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കേണ്ടകതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹജ്ജ് അവധി എന്നത് നിയമപരമായ അവകാശമാണെങ്കിലും, അത് അനുവദിക്കുന്നത് കമ്പനിയുടെ പ്രവർത്തന സാഹചര്യങ്ങളെയും നയങ്ങളെയും കൂടി അടിസ്ഥാനമാക്കിയാണ് എന്നകാര്യം മനസിലാക്കണം. ഇത് ശമ്പളമില്ലാത്ത അവധിയായതിനാൽ ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ നേരത്തെ ചെയ്യേണ്ടി വരും. കമ്പനിയുടെ ആഭ്യന്തര നയങ്ങൾക്കനുസരിച്ച് ചിലപ്പോൾ കൂടുതൽ ഇളവുകൾ ലഭിച്ചേക്കാം, എന്നാൽ അവ നിയമപരമായ പരിധി ലംഘിക്കാൻ പാടുള്ളതല്ല. ഹജ്ജ് എന്നത് വലിയൊരു മതപരമായ കടമയായതിനാൽ യുഎഇ തൊഴിൽ നിയമം അതിനെ മാനിക്കുന്നു. എങ്കിലും, ഇത് ശമ്പളമില്ലാത്തതും സർവീസിൽ ഒരു തവണ മാത്രം ലഭിക്കുന്നതുമായതിനാൽ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്ക് രേഖകൾ വ്യാജമായി ചമച്ച് 3.48 ലക്ഷം ദിനാർ തട്ടിയെടുത്തു; പ്രതിയെ വെറുതെ വിട്ട് കുവൈത്ത് കോടതി, തെളിവുകളില്ലെന്ന് കണ്ടെത്തൽ
കുരുന്നുകൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്; കുവൈത്തിൽ നഴ്‌സറികൾ ഞായറാഴ്ച മുതൽ തുറക്കുന്നു