ഒരു മതത്തെയും അപമാനിക്കരുത്; അസഹിഷ്‍ണുതയ്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതരുടെ മുന്നറിയിപ്പ്

By Web TeamFirst Published Nov 10, 2021, 4:31 PM IST
Highlights

ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്‍തുക്കളെയോ ഏതെങ്കിലും ആചാരങ്ങളെയോ അധിക്ഷേപിക്കുന്നത് യുഎഇയിലെ നിയമപ്രകാരം കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അബുദാബി: മതത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കും ശത്രുതയ്‍ക്കുമെതിരെ (hatred or discrimination) മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ (UAE Public Prosecution). മതങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 2,50,000 ദിര്‍ഹം മുതല്‍ ഇരുപത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ യുഎഇ പ്രോസക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ് കാണിക്കുക തുടങ്ങിയവയും ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്‍തുക്കളെയോ ഏതെങ്കിലും ആചാരങ്ങളെയോ അധിക്ഷേപിക്കുക, വെല്ലുവിളിക്കുക, അപമാനിക്കുക തുടങ്ങിയവയും അംഗീകൃത മത ചടങ്ങുകളെ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ തടസപ്പെടുത്തുന്നതും യുഎഇ നിയമപ്രകാരം കുറ്റകരമാണ്.

പുണ്യഗ്രന്ഥങ്ങളെ ഏതെങ്കിലും വിധത്തില്‍  അപമാനിക്കുന്നതും നശിപ്പിക്കുന്നതും വികൃതമാക്കുന്നതും കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. ദൈവദൂതന്മാരെയും അവരുടെ ഇണകളെയും കുടുംബങ്ങളെയും അനുചരന്മാരെയും അപമാനിക്കുന്നതും അനാദരവ് കാണിക്കുന്നതും യുഎഇയില്‍ ശിക്ഷാര്‍ഹമാണ്. ഇതിന് പുറമെ ആരാധനാലയങ്ങളുടെയും ശ്‍മശാനങ്ങളുടെയും പവിത്രതയ്‍ക്ക് കളങ്കമുണ്ടാക്കുക, അവയ്‍ക്ക് നാശ നഷ്ടങ്ങള്‍ വരുത്തുക തുടങ്ങിയ കാര്യങ്ങളും ശിക്ഷാര്‍ഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അറിയിപ്പില്‍ പറയുന്നു.

click me!