ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ

By Web TeamFirst Published Oct 19, 2021, 7:19 PM IST
Highlights

എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം (fourth best country in the world to live and work) യുഎഇ. നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ (UAE) സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം.

എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളില്‍ തങ്ങളുടെ ജീവിതം കൂടുതല്‍ സാധാരണ നിലയിലാവുമെന്നും സ്ഥിരതയുള്ളതാവുമെന്നും ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‍തു. 

Latest Videos

ആഗോള മഹാമാരിയുടെ കാലത്താണ് ഇത്തരമൊരു പ്രതികരണം ലഭിച്ചതെന്നതാണ് ശ്രദ്ധേയമായ വസ്‍തുത. ഇതിന് പുറമെ 53 ശതമാനം പേരും തങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവും കൂടുതല്‍ മെച്ചപ്പെട്ട ജീവിത -  തൊഴില്‍ സന്തുലനവുമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള തലത്തില്‍ പോലും ഇത് ശരാശരി 35 ശതമാനമായിരിക്കുമ്പോഴാണ് യുഎഇയില്‍ 53 ശതമാനം പേരും ഇത്തരമൊരു പ്രതികരണം നടത്തിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനും ഖത്തറും പട്ടികയും യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലുണ്ട്. വരുമാനത്തിലെ വര്‍ദ്ധനവ്, കരിയര്‍ വളര്‍ച്ച, ജീവിത നിലാവാരത്തിലെ മെച്ചം എന്നിവയാണ് ഏറ്റവുമധികം പ്രവാസികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നത്. യുഎഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ കൂടുതല്‍ കാലം യുഎഇയില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. 86 ശതമാനം പേരും തങ്ങളുടെ സ്വന്തം രാജ്യത്ത് തുടരുന്നതിനേക്കാള്‍ ജീവിത നിലവാരം യുഎഇയില്‍ മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടു. 

യുഎഇയില്‍ നില്‍ക്കാനുള്ള പദ്ധതികള്‍  മഹാമാരി കാരണം മാറ്റം വരുത്തേണ്ടി വന്നുവെന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനം പേര്‍ മാത്രമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് വിവിധ സംസ്‍കാരങ്ങളുമായി ഇടപഴകാനും തുറന്ന മനഃസ്ഥിതിയോടെ ജീവിക്കാനും യുഎഇയില്‍ സാധിക്കുന്നതായി 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. 

click me!