ഹാനികരമായ ബാക്ടീരിയ സാന്നിധ്യം, ബേബി ഫോർമുല ഉൽപ്പന്നത്തിന്‍റെ പ്രത്യേക ബാച്ച് തിരിച്ചുവിളിച്ച് യുഎഇ

Published : Jan 29, 2026, 11:18 AM IST
baby formula

Synopsis

യുഎഇയിൽ വിതരണം ചെയ്യുന്ന ബേബി ഫോർമുല ഉൽപ്പന്നത്തിന്‍റെ പ്രത്യേക ബാച്ച് തിരിച്ചുവിളിച്ച് യുഎഇ. വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടു. ഉൽപ്പാദന സമയത്ത് 'ബാസിലസ് സീറിയസ്' എന്ന ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.  

ദുബൈ: യുഎഇയിൽ വിതരണം ചെയ്യുന്ന പ്രമുഖ ഇന്‍ഫന്‍റ് ഫോര്‍മുല ബ്രാൻഡായ 'ആപ്റ്റാമിൽ അഡ്വാൻസ് 1' (Aptamil Advance 1 POF)-ന്‍റെ പ്രത്യേക ബാച്ച് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റും സംയുക്തമായാണ് ഈ മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഉൽപ്പാദന വേളയിൽ ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്.

നുട്രീഷ്യ മിഡിൽ ഈസ്റ്റ് ഉൽപ്പാദിപ്പിക്കുന്ന ഈ ഇന്‍ഫന്‍റ് ഫോര്‍മുലയുടെ ഒരു ബാച്ചിൽ 'ബാസിലസ് സീറിയസ്' എന്ന ബാക്ടീരിയയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ വിഷാംശം കലരാൻ കാരണമായേക്കാം. കുട്ടികളിൽ ഭക്ഷ്യവിഷബാധ, ഛർദ്ദി, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ബാച്ചുകൾ പിൻവലിച്ചിരുന്നു.

ഏത് ബാച്ചാണ് ശ്രദ്ധിക്കേണ്ടത്?

ഉൽപ്പന്നം: Aptamil Advance 1 (0-6 മാസം വരെയുള്ള കുട്ടികൾക്കുള്ളത്)

കാലാവധി: 2026 നവംബർ 8 (2026.11.08)

യുഎഇയിലെ വിപണികളിൽ നിന്നും ഓൺലൈൻ സൈറ്റുകളിൽ നിന്നും ഈ ബാച്ച് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നം വാങ്ങിയവർ പാക്കിന്റെ അടിയിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പയറി ഡേറ്റ് പരിശോധിക്കുക. 2026.11.08 എന്ന് രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് നൽകരുത്. ഇവ നശിപ്പിച്ചു കളയണമെന്നും അധികൃതർ അറിയിച്ചു. വിതരണക്കാരുടെ ഗോഡൗണുകളിൽ ഉള്ള ബാച്ചുകൾ നിലവിൽ സുരക്ഷിതമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾക്കും വിൽപന ശാലകൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ, വിശ്വാസവഞ്ചന നടത്തിയതിന് കേസെടുത്ത് കുവൈത്ത് പൊലീസ്
കുവൈത്ത് പ്രവാസികൾക്കിനി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാം