യുഎഇയില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 28, 2020, 6:58 PM IST
Highlights

36ഉം 37ഉം വയസായ ചൈനീസ് പൗരന്മാര്‍ക്കാണ് കഴിഞ്ഞദിവസം രോഗം ഭേദമായതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗമാണ് ഇവരിലൊരാള്‍. 

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച ആറ് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന രണ്ട് പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതുവരെ 19 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് പേര്‍ ഇതിനോടകം രോഗം ഭേദമായവരാണ്.

36ഉം 37ഉം വയസായ ചൈനീസ് പൗരന്മാര്‍ക്കാണ് കഴിഞ്ഞദിവസം രോഗം ഭേദമായതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗമാണ് ഇവരിലൊരാള്‍. പുതിയതായി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇറാന്‍ പൗരന്മാരാണ്. ഒരാള്‍ ചൈനീസ് പൗരനും മറ്റൊരാള്‍ ബഹ്റൈനിയുമാണ്. എല്ലാവരും ഇറാനില്‍ നിന്ന് യുഎഇയിലെത്തിയവരായിരുന്നു. ഇറാനില്‍ നിന്നുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് യുഎഇയില്‍ എത്തിവരായിരുന്നു ഇവരെല്ലാം. 

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 28 പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതരെ കണ്ടെത്തുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിച്ച് മനസിലാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

click me!