യുഎഇയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെയായി

By Web TeamFirst Published Nov 5, 2020, 4:01 PM IST
Highlights

രാജ്യത്ത് ഇതുവരെ 1,38,599 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,36,118 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 508 കൊവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്. 

അബുദാബി: യുഎഇയില്‍ ഇന്ന് 1289 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലായിരുന്ന 1135 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,31,633  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.36 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,38,599 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,36,118 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 508 കൊവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്. നിലവില്‍ 1,973 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ വീണ്ടും മാറ്റം വരുത്തിയിട്ടുണ്ട്. നവംബര്‍ എട്ട് ഞായറാഴ്‍ച മുതല്‍ പി.സി.ആര്‍ പരിശോധനയിലോ ലേസര്‍ അധിഷ്‍ഠിത ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിച്ചിരിക്കണം. യുഎഇ പൗരന്മാര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഇത് ബാധകമാണ്. 

പരിശോധനാ ഫലം വന്ന് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിക്കാം. നാല് ദിവസമോ അതില്‍ കൂടുതലോ അവിടെ തങ്ങുകയാണെങ്കില്‍ നാലാമത്തെ ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. അബുദാബിയില്‍ പ്രവേശിച്ച ദിവസം ഉള്‍പ്പെടെയാണ് ഇതിനായി കണക്കാക്കുന്നത്. എട്ട് ദിവസത്തില്‍ കൂടുതല്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ എട്ടാം ദിവസം വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം.

click me!