യുഎസ്, യു.കെ വീസയുള്ള ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിര്‍ത്തലാക്കി യുഎഇ

By Web TeamFirst Published Aug 24, 2021, 5:53 PM IST
Highlights

ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ഇത്തിഹാദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അബുദാബി: യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിച്ചിരുന്ന ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിര്‍ത്തലാക്കി. വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‍സാണ് തിങ്കളാഴ്‍ച ഇക്കാര്യം അറിയിച്ചത്. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ഇത്തിഹാദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിസയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് അബുദാബിയിലെത്തി ഓണ്‍ അറൈവല്‍ വിസ നേടാമെന്ന് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ ഇത്തിഹാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും തത്കാലം ഓണ്‍ അറൈവല്‍ വിസ നല്‍കേണ്ടെന്നാണ് യുഎഇ അധികൃതരുടെ തീരുമാനമെന്ന് ഇത്തിഹാദ് അറിയിച്ചു. ഇക്കാര്യത്തിലെ പുതിയ അറിയിപ്പുകള്‍ക്കായി തങ്ങളുടെ വെബ്‍സൈറ്റ് പരിശോധിക്കാനും കമ്പനി ആവശ്യപ്പെടുന്നു. അതേസമയം ഇന്ത്യക്കാരുടെ വിസ ഓണ്‍ അറൈവല്‍ വീസ സൗകര്യം നിര്‍ത്തലാക്കിയതിന്റെ കാരണമൊന്നും ഇത്തിഹാദിന്റെ അറിയിപ്പിലില്ല. 

click me!