യുഎഇയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു; ആശങ്കയോടെ പ്രവാസികള്‍

By Web TeamFirst Published Dec 17, 2019, 9:33 PM IST
Highlights

സ്വദേശികള്‍ക്ക് നിയമനം നല്‍കാനുള്ള വിവിധ കമ്പനികളുടെ പട്ടിക മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം തയ്യാറാക്കി. ഇവിടങ്ങളില്‍ 950 സ്വദേശികള്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. കൂടുതല്‍ മേഖലകളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രധാന കമ്പനികളില്‍ 2000 സ്വദേശികള്‍ക്ക് ഉടന്‍ നിയമനം നല്‍കും. നേരത്തെ സൗദിയിലും കുവൈത്തിലും സ്വദേശിവത്കരണം ശക്തമാക്കിയപ്പോഴും പ്രവാസികള്‍ പ്രതീക്ഷയോടെ കണ്ട യുഎഇയിലും ഇനി കാര്യങ്ങള്‍ അത്ര സുഗമമാവില്ലെന്നാണ് സൂചന.

സ്വദേശികള്‍ക്ക് നിയമനം നല്‍കാനുള്ള വിവിധ കമ്പനികളുടെ പട്ടിക മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം തയ്യാറാക്കി. ഇവിടങ്ങളില്‍ 950 സ്വദേശികള്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റുള്ളവര്‍ക്കും ഉടനെ നിയമനം നല്‍കാനാണ് നീക്കം. കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ 'നിയമന ദിനങ്ങള്‍' സംഘടിപ്പിക്കും. ഇതിന്റെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിക്കുകയും ചെയ്യും. 

നിലവില്‍ അബുദാബി പവര്‍ കോര്‍പറേഷന്‍, അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി, ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി, ഫെഡറല്‍ ജല-വൈദ്യുത വകുപ്പ്, എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി - ഇനോക്, അഡ്‍നോക് ടെക്നിക്കല്‍ അക്കാദമി, പെട്രോഫാക്, യുണൈറ്റഡ് സെക്യൂരിറ്റി ഗ്രൂപ്പ്, ഗന്‍ദൂദ് ഗ്രൂപ്പ് എന്നിവയാണ് കൂടുതല്‍ സ്വദേശിവത്കരണത്തിന് സന്നദ്ധത അറിയിച്ച സ്ഥാപനങ്ങള്‍.

സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച സ്വദേശിവത്കരണ ക്ലബ് കൂടുതല്‍ സജീവക്കാനും തീരുമാനമുണ്ട്. ക്ലബ്ബില്‍ അംഗമായി സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാറില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

click me!