യുഎഇയിലെ കനത്ത മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ്

By Web TeamFirst Published Feb 19, 2019, 10:41 AM IST
Highlights

മേഖലങ്ങളിലേക്ക് പ്രത്യേക രാസവസ്തുക്കള്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. ചൂടുള്ള സമയങ്ങളില്‍ ക്ലൗഡ് സീഡിങ് നടത്തി ഒരു മണിക്കൂറിനുള്ളില്‍ മഴ പെയ്യും. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പൈലറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. നാല് വിമാനങ്ങളും ഇതിനായി മാത്രമുണ്ട്.

ദുബായ്: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് എന്ന് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ മഴ ലഭിക്കാനായി ഈ വര്‍ഷം മാത്രം  20 തവണയാണ് യുഎഇ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് നടത്തിയത്. വര്‍ഷത്തില്‍ 100 മില്ലീമീറ്ററില്‍ മഴ മാത്രം സ്വാഭാവികമായി ലഭിക്കുന്ന യുഎഇ ക്ലൗഡ് സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ യുഎഇ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അവസാനവും ഈ ആഴ്ചയുടെ തുടക്കത്തിലും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി. കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞത് ക്ലൗഡ് സീഡിങ് നടത്താനാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളം ഇങ്ങനെ ലഭ്യമാക്കാനാവും. കഴിഞ്ഞ വര്‍ഷം ആകെ 187 തവണ ക്ലൗഡ് സീഡിങ് നടത്തിയിട്ടുണ്ട് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ദര്‍ അറിയിച്ചിരുന്നു. അല്‍ഐന്‍ കേന്ദ്രമാക്കിയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

മേഖലങ്ങളിലേക്ക് പ്രത്യേക രാസവസ്തുക്കള്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. ചൂടുള്ള സമയങ്ങളില്‍ ക്ലൗഡ് സീഡിങ് നടത്തി ഒരു മണിക്കൂറിനുള്ളില്‍ മഴ പെയ്യും. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പൈലറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. നാല് വിമാനങ്ങളും ഇതിനായി മാത്രമുണ്ട്. അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവയുടെ കേന്ദ്രം. ക്ലൗഡ് സീഡിങിന് അനിയോജ്യമായ സ്ഥലമെന്നതുകൊണ്ടാണ് അല്‍ഐന്‍ തെരഞ്ഞെടുത്തത്. റഡാര്‍ വഴി മേഖലങ്ങളെ നിരീക്ഷിച്ച് അനിയോജ്യമെന്ന് കണ്ടാല്‍ ക്ലൗഡ് സീഡിങ് നടത്തുകയാണ് രീതി.

click me!