
ദുബൈ: യുഎഇയുടെ രൂപീകരണവും വളർച്ചയും ഉൾപ്പെടെയുള്ള ചരിത്ര നിമിഷങ്ങൾ ക്യാമറയില്‍ പകർത്തിയ വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. യുഎഇയുടെ രൂപീകരണ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച അദ്ദേഹം 1971 ഡിസംബർ രണ്ടിന് അന്നത്തെ എമിറേറ്റുകളിലെ ഭരണാധികാരികൾ യൂണിയൻ കരാറിൽ ഒപ്പുവച്ച ചരിത്ര നിമിഷം ക്യാമറയിൽ പകർത്തിയ ഫൊട്ടോഗ്രാഫറാണ്. ഈ ചിത്രമാണ് പിന്നീട് സ്പിരിറ്റ് ഓഫ് ദ് യൂണിയൻ എന്ന പേരിൽ യുഎഇയുടെ ഔദ്യോഗിക ലോഗോയായി മാറിയത്.
യുഎഇയുടെ 'റോയൽ ഫോട്ടോഗ്രാഫർ' എന്നറിയപ്പെട്ടിരുന്ന രമേഷ് ശുക്ല, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങൾ പകർത്തിയ വ്യക്തിയാണ്. യുഎഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 50 ദിർഹം നോട്ടിലുള്ള പ്രശസ്തമായ ചിത്രം രമേഷ് ശുക്ലയുടെ ക്യാമറയിൽ പതിഞ്ഞതാണ്.
ഭാര്യ തരുലത ശുക്ലയും മകൻ നീൽ ശുക്ലയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. അവസാന ശ്വാസം വരെ തന്റെ തൊഴിലിനോട് അങ്ങേയറ്റം ആവേശം കാണിച്ചിരുന്ന വ്യക്തിയായിരുന്നു രമേഷ് ശുക്ലയെന്ന് മകൻ നീൽ ശുക്ല ഓർമ്മിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നെങ്കിലും തന്റെ ക്യാമറയും ജോലിയുമായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. ആശുപത്രിയിൽ കഴിയുമ്പോഴും നഴ്സുമാരോട് സംസാരിച്ചും പോസിറ്റീവായും അദ്ദേഹം സമയം ചിലവഴിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1960-കൾ മുതൽ അദ്ദേഹം പകർത്തിയ പതിനായിരക്കണക്കിന് ചിത്രങ്ങൾ യുഎഇയുടെ ചരിത്രരേഖകളാണ്. ഇവ നിലവിൽ 'സായിദ് നാഷണൽ മ്യൂസിയം', 'ഇത്തിഹാദ് മ്യൂസിയം' എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി രമേഷ് ശുക്ലയും കുടുംബവും കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ തരുലത ശുക്ല ഫോട്ടോകളുടെ നെഗറ്റീവുകൾ പ്രോസസ്സ് ചെയ്യുന്നതിലും മറ്റും അദ്ദേഹത്തിന്റെ പ്രധാന സഹായായിരുന്നു. ഇന്ത്യക്കും യുഎഇക്കും ഒരുപോലെ അഭിമാനമായ ഒരു വലിയ പൈതൃകമാണ് രമേഷ് ശുക്ല അവശേഷിപ്പിച്ചു മടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam