അവിനാഷ് നാർനെ എന്ന ടെക്കി യുവാവാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലുള്ള കാമുകിക്ക് മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുത്തത്.

ബെല്ലവ്യൂവ്: പ്രണയ ബന്ധം നിലനിൽക്കെ മറ്റൊരു യുവതിയുമായി വിവാഹം.ആമസോണിലെ നഷ്ടമായതിന് പിന്നാലെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യയിലുള്ള കാമുകിയ്ക്കും അയച്ചുനൽകി. പൊലീസെത്തിയപ്പോൾ സിനിമയെ വെല്ലുന്ന അഭിനയവുമായി ഇന്ത്യൻ ടെക്കി. ഫോൺ പരിശോധനയിൽ ഒന്നൊന്നായി കള്ളങ്ങൾ പൊളിഞ്ഞു. ടെക്കി യുവാവ് അമേരിക്കയിൽ പിടിയിലായി. ഇന്ത്യക്കാരനായ മുപ്പതുകാരനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടുള്ളത്. അവിനാഷ് നാർനെ എന്ന ടെക്കി യുവാവാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലുള്ള കാമുകിക്ക് മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുത്തത്. 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയ ആണ് കൊലപ്പെട്ടത്. കൊലപാതകം കഴിഞ്ഞ് 9മാസങ്ങൾക്ക് ശേഷമാണ് യുവാവ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2025 ഒക്ടോബറിലായിരുന്നു ഈ കൊലപാതകം നടന്നത്. കൊലപാതകം നടന്ന ഒക്ടോബർ 27ന്, അവിനാഷ് തന്നെയാണ് ഭാര്യ ബാത്ത്റൂമിൽ കയറി വാതിലടച്ചെന്നും പുറത്തിറങ്ങുന്നില്ലെന്നും പൊലീസിനെ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി ബാത്ത്റൂമിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രാജിത തറയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സംഭവസ്ഥലത്തു വെച്ചുതന്നെ രാജിതയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ താൻ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഭാര്യയെ ബാത്ത്റൂമിൽ പൂട്ടിയ നിലയിൽ കണ്ടതെന്നാണ് അവിനാഷ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ സമയത്ത് മറ്റാരും അപ്പാർട്ട്മെന്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് രാജിതയുടെ മരണം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.

കൂടുതൽ അന്വേഷണത്തിൽ അവിനാഷിന് ഇന്ത്യയിലുള്ള ഒരു യുവതിയുമായി വർഷങ്ങളായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ പ്രണയബന്ധം നിലനിൽക്കെത്തന്നെയാണ് 2025 ജൂൺ 5ന് വീട്ടുകാർ നിശ്ചയിച്ച പ്രകാരം രാജിതയുമായി അവിനാഷിന്റെ വിവാഹം നടക്കുന്നത്. ഈ വിവാഹച്ചടങ്ങിൽ അവിനാഷിന്റെ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നുപോന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് തന്റെ കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചിരുന്നു. ഭാര്യ ബാത്ത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസിനോട് പറയുന്നതിന് തൊട്ടുമുൻപുള്ള സമയത്താണ് ഇതിൽ പല കോളുകളും പോയത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

രാജിതയുടെ ഫോൺ പരിശോധിച്ച പൊലീസിന് മറ്റൊരു നിർണ്ണായക തെളിവുകൂടി ലഭിക്കുകയുണ്ടായി. അവിനാഷ് തയ്യാറാക്കി നൽകുന്ന പാനീയങ്ങൾക്ക് കയ്പ്പ് രുചിയാണെന്ന് രാജിത പലതവണ മെസ്സേജിലൂടെ ഭർത്താവിനോട് പരാതിപ്പെട്ടിരുന്നു. മരണപ്പെട്ട ദിവസം പോലും അവിനാഷ് ഉണ്ടാക്കി നൽകിയ സ്മൂത്തിക്ക് കഫ് സിറപ്പിന്റെയും മരുന്നിന്റെയും രുചിയാണെന്ന് രാജിത മെസ്സേജ് അയച്ചിരുന്നു. രാജിതയെ പാനീയങ്ങളിൽ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോ എന്ന സംശയത്തിലേക്കാണ് ഈ സന്ദേശങ്ങൾ വിരൽ ചൂണ്ടുന്നത്. ജൂലൈ 5ന് അവിനാഷിനെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ടെക്കി യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം