പ്രവാസികള്‍ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; കേരളത്തിന്‍റെ കത്തിന് കേന്ദ്രത്തിന്‍റെ മറുപടി

By Web TeamFirst Published Feb 2, 2020, 6:19 PM IST
Highlights

കേന്ദ്രബജറ്റിലെ തീരുമാനം പ്രവാസി വിരുദ്ധമാണെന്നും, കേരളത്തിന് പുറത്തുള്ള പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നതാണെന്നും കാട്ടി മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയായാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. 

ദില്ലി/തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ തീരുമാനത്തിൽ വിശദീകരണവുമായി കേന്ദ്രധനകാര്യമന്ത്രാലയം. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ ആർക്കും നികുതി നൽകേണ്ടി വരില്ലെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതിന് നികുതി നൽകണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നൽകേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ഇത് ഗൾഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിർമലാ സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മറുപടിയിൽ പറയുന്നു,

പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്നും കേരളത്തിൽ നിന്ന് പുറത്ത് പോയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് കേന്ദ്രധനമന്ത്രിയുടെ മറുപടി.

ഇപ്പോഴും പക്ഷേ, പ്രവാസികൾ നൽകേണ്ട നികുതിയെക്കുറിച്ചുള്ള ചില അവ്യക്തതകൾ നിലനിൽക്കുന്നുവെന്നാണ് സൂചന. 120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവർ നികുതി നൽകണമെന്നതാണ് ബജറ്റിലെ നിർദേശം. നേരത്തേ 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോൾ 240 ദിവസമായി കൂട്ടിയത്. നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാവരും നികുതി നൽകേണ്ടി വരുമോ എന്ന ആശങ്കയായി. 

എന്തായാലും, ഇന്ത്യയിലെ വരുമാനത്തിനും സ്വത്തിനുമാണ് നികുതി നൽകേണ്ടിവരിക എന്ന വിശദീകരണം വന്നതോടെ ആ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നേരത്തേ തന്നെ യുഎഇയിൽ താമസിക്കുന്നവർക്ക് നികുതി നൽകേണ്ടി വരില്ലെന്ന വിശദീകരണം ടാക്സേഷൻ വിദഗ്ധർ പറഞ്ഞിരുന്നു. ഇന്ത്യയും യുഎഇയും തമ്മിൽ ഡബിൾ ടാക്സേഷൻ കരാറുണ്ട് (ഇരട്ടനികുതിക്കരാർ). ഇന്ത്യയിലും യുഎഇയിലും എന്തായാലും യുഎഇയിലെ പ്രവാസികൾ നികുതിയടക്കേണ്ടി വരില്ല. 

ഇന്ത്യയിലും വ്യവസായം നടത്തുന്ന പ്രവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇപ്പോഴും പരിഹരിക്കപ്പെടുന്നില്ല. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ ഒരു വർഷം കഴിഞ്ഞാൽ അവരുടെ എൻആർഐ പദവി നഷ്ടപ്പെടും. അപ്പോൾ ഇന്ത്യയിലെ സംരംഭങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരും. 

വിവിധ രാജ്യങ്ങളിൽ വൻ വ്യവസായം നടത്തുകയും അവിടെയൊന്നും നികുതി നൽകാതെ ഇന്ത്യയിലെ പ്രവാസി പദവി നിലനിർത്തി, ഇവിടെയും നികുതി നൽകാത്തവരെ കുടുക്കാനാണ് ഈ പുതിയ നയം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

ആദായ നികുതി മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്. നികുതി ഇളവ് നൽകുന്ന പ്രവാസി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിലുള്ള ശുപാർശയിലാണ് കേരളത്തിന്‍റെ ആശങ്ക. വിദേശനാണ്യം നേടിത്തരുന്ന പ്രവാസികൾ ഇന്ത്യയിലും നികുതിയടക്കണം എന്നത് ശരിയല്ലെന്നും കേരളം ചൂണ്ടിക്കാട്ടി.

Read more at: 'പ്രവാസി വിരുദ്ധം, ആദായ നികുതി ഭേദഗതിയിൽ നിന്നും പിന്മാറണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

click me!