
ദുബൈ: യുഎഇയുടെ(UAE) 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രൊമോഷണല്‍ ക്യാമ്പയിനുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). അഞ്ച് കോടി ദിര്‍ഹമാണ് ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളുടെ വിലക്കിഴിവിനും മറ്റ് ഓഫറുകള്‍ക്കുമായി യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. 100 ദിവസത്തെ പ്രൊമോഷണല്‍ ക്യാമ്പയിന്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2021 നവംബര്‍ 10 മുതലാണ് ക്യാമ്പയിന്‍ ആരംഭിക്കുക.
അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍ കോപ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, വിവിധ വിഭാഗങ്ങളിലെ ഡയറക്ടര്‍മാര്‍, യൂണിയന്‍ കോപിലെ മാനേജര്‍മാര്‍, അറബ്, വിദേശ മാധ്യമങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
യുഎഇയുടെ 50-ാം വാര്‍ഷിക വേളയില്‍ രാജ്യത്തെ ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കും യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി അഭിനന്ദനങ്ങള്‍ അറിയിച്ചു. 100 ദിവസം വലിയ ഡിസ്‌കൗണ്ടുകളും അതിന് പുറമെ നിരവധി സമ്മാനങ്ങളും യൂണിയന്‍ കോപ് നല്‍കുമെന്നും ഇതിനായി അഞ്ച് കോടി ദിര്‍ഹം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി വേളയില്‍ സമൂഹത്തില്‍ എല്ലാവരിലേക്കും സന്തോഷം പകരുന്നതും മിതമായ വിലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതുമാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
50-ാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ക്യാമ്പയിനില്‍ ദിവസേന നറുക്കെടുപ്പുകളും അതിലൂടെ സമ്മാനങ്ങളും വൗച്ചറുകളും നല്‍കുമെന്നും ആയിരക്കണക്കിന് അവശ്യ സാധനങ്ങള്‍ക്ക് നല്‍കുന്ന വിലക്കിഴിവുകള്‍ക്കും മറ്റും പുറമെയാണിതെന്ന് യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി. ദിവസനേ നടക്കുന്ന നറുക്കെടുപ്പിലൂടെ 50 വിജയികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, 50 വിജയികള്‍ക്ക് സ്വര്‍ണം, 50 വിജയികള്‍ക്ക് 50,000 തമായസ് പോയിന്റുകള്‍, 50 പേര്‍ക്ക് മൗണ്ടന്‍ സൈക്കിളുകള്‍, 1971ല്‍ ജനിച്ച ആളുകള്‍ക്ക് ഫ്രീ ഷോപ്പിങിനായി അഫ്ധാല്‍ കാര്‍ഡുകള്‍, സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആപ്ലലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്കുള്ള നറുക്കെടുപ്പുകള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവയും യൂണിയന്‍ കോപ് ഒരുക്കിയിട്ടുണ്ട്.
20,000 ഉല്‍പ്പന്നങ്ങള്‍ക്ക് യൂണിയന്‍ കോപ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും 100 ദിവസത്തേക്ക് 50 ശതമാനത്തിലേറെ ഡിസ്‌കൗണ്ടുകള്‍ നല്‍കുമെന്നും അരി, മാംസ്യം, ചിക്കന്‍, പാക്ഡ് ഫുഡ്‌സ്, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്കാണ് വിലക്കിഴിവുള്ളത്. ഉല്‍പ്പന്നങ്ങളുടെ വിലനിലവാരം ഉറപ്പാക്കുന്നതിനായി വിതരണക്കാര്‍, ഡീലര്‍മാര്‍, ഏജന്‍സികള്‍ എന്നിവരുമായി നിബന്ധനകളോടെ യൂണിയന്‍ കോപ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതുവഴി സമൂഹത്തിലെ ആളുകളെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ കോപിന്റെ ആഭ്യന്തര നടപടിക്രമങ്ങള്‍ കര്‍ശനമാണെന്നും ഉല്‍പ്പന്നങ്ങളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ ദിവസവും പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യുമെന്നും യൂണിയന്‍ കോപ് സിഇഒ വിശദമാക്കി.
യുഎഇയുടെ 50-ാം ദേശീയ ദിനത്തില്‍ യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയുള്ള എല്ലാ ഓര്‍ഡറുകള്‍ ഡെലവറി ഫീ സൗജന്യമായിരിക്കുമെന്നും ദേശീയ ദിന ക്യാമ്പയിനിലെ 50 ദിവസത്തേക്ക് ഫ്രീ ഡെലിവറി കിട്ടുമെന്നും യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വിഭാഗം, വില, നിലവാരം എന്നിവയില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ചതായാണ് ദുബൈയിലെ റീട്ടയില്‍, ഉപഭോക്തൃ വിപണികള്‍ കണക്കാക്കപ്പെടുന്നത്. തുടര്‍ച്ചയായ പ്രമോഷണല്‍ ക്യാമ്പയിനുകള്‍ ഇതിന് തെളിവാണ്. ദേശീയ ദിനത്തിന്റെ സന്തോഷ വേളയില്‍ സമൂഹത്തില്‍ സന്തോഷം പകരുകയാണ് യണിയന്‍ കോപിന്റെ യഥാര്‍ത്ഥ സംഭാവനയെന്ന് സിഇഒ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam