ഓഹരി ഉടമകള്‍ക്ക് 24 ശതമാനം ഡിവിഡന്റ് വിതരണം ചെയ്ത് യൂണിയന്‍ കോപ്

By Web TeamFirst Published Apr 2, 2020, 5:46 PM IST
Highlights

479.02 മില്യന്‍ ദിര്‍ഹത്തിന്റെ ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്‍മ അല്‍ ശംസി പറഞ്ഞു. ആകെ ലാഭത്തിന്റെ 93.4 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 512.88 മില്യന്‍ ദിര്‍ഹത്തിന്റെ ലാഭമാണ് യൂണിയന്‍ കോപ് നേടിയത്. 

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഉടമകള്‍ക്ക് 24 ശതമാനം ഡിവിഡന്റ് വിതരണം ചെയ്തു. ഷെയര്‍ഹോള്‍ഡര്‍ പര്‍ച്ചേയ്സുകള്‍ക്കുള്ള ആറ് ശതമാനം റിട്ടേണിന് പുറമെയാണിത്. യൂണിയന്‍ കോപിന്റെ 38-ാമത് ജനറല്‍ അസംബ്ലി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആദ്യമായി ഇത്തവണ ഓണ്‍ലൈന്‍ സംവിധാനങ്ങളുപയോഗിച്ചായിരുന്നു യോഗത്തിലെ പങ്കാളിത്തവും വോട്ടെടുപ്പും.

479.02 മില്യന്‍ ദിര്‍ഹത്തിന്റെ ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്‍മ അല്‍ ശംസി പറഞ്ഞു. ആകെ ലാഭത്തിന്റെ 93.4 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 512.88 മില്യന്‍ ദിര്‍ഹത്തിന്റെ ലാഭമാണ് യൂണിയന്‍ കോപ് നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം അധികമാണിത്. സാമ്പത്തിക വെല്ലുവിളികളും വിപണിയില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരവും അതിജീവിച്ചും മുന്‍വര്‍ഷത്തേ അപേക്ഷിച്ച് 10 ശതമാനത്തോളമുള്ള വിലക്കുറവും തമായാസ് കാര്‍ഡ് ഓഫറുകള്‍ വഴിയുള്ള ആറ് ശതമാനം ഡിസ്കൌണ്ടും കഴിഞ്ഞിട്ടാണ് ഈ ലാഭത്തിലേക്ക് യൂണയന്‍ കോപ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഓഹരികളുടെ ലാഭസാധ്യത നിലനിര്‍ത്തുന്നതിനും അവയുടെ വിപണി മൂല്യം ശക്തമാക്കുന്നതിനുമായി ഇത്തവണ ബോണസ് ഓഹരികള്‍ നല്‍കേണ്ടതില്ലെന്ന് ജനറല്‍ അസംബ്ലി തീരുമാനിച്ചതായി അല്‍ ശംസി പറഞ്ഞു. ഓഹരി ഉടമകളുടെ താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതിനും സ്ഥാപനത്തിന്റെ പ്രകടനത്തിന് ഓഹരികളുടെ വിപണി മൂല്യത്തിലുള്ള സ്വാധീനം കൂടി കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമമെന്നും അദ്ദേഹം പറഞ്ഞു.

2.297 ബില്യന്‍ ദിര്‍ഹത്തിന്റെ വില്‍പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂണിയന്‍ കോപ് നടത്തിയതെന്ന് അല്‍ ശംസി പറഞ്ഞു. ആകെ വരുമാനം 2.349 ബില്യാണ്. ആകെ ചിലവ് 2.4 ശതമാനം കുറഞ്ഞു. 35,112 ഓഹരി ഉടമകളാണ് ഇപ്പോള്‍ യൂണിയന്‍ കോപിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്നും അല്‍ ശംസി പറഞ്ഞു.

സാമൂഹിക സേവനത്തിനായി 34.93 മില്യന്‍ ദിര്‍ഹമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂണിയന്‍ കോപ് ചിലവഴിച്ചത്. സാമൂഹിക സേവനപരമായ പ്രവൃത്തികളില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന സ്ഥാപനത്തിന്റെ നയപ്രകാരമാണിത്. നിലവില്‍ 423 സ്വദേശി ജീവനക്കാരാണ് യൂണിയന്‍ കോപിലുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ സ്വദേശിവത്കരണത്തില്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്വദേശിവത്കരണ നിരക്കുകളിലൊന്നാണ് സ്ഥാപനത്തിലുള്ളതെന്നും അല്‍ ശംസി പറഞ്ഞു.

click me!