ദുബായ് ഓട്ടിസം സെന്ററിന് പിന്തുണയുമായി യൂണിയന്‍ കോപ്

By Web TeamFirst Published Feb 10, 2020, 8:56 PM IST
Highlights

യൂണിയന്‍ കോപ് സിഇഒയ്ക്കുവേണ്ടി ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍ ഥാനിയും ദുബായ് ഓട്ടിസം സെന്റര്‍ ബോര്‍ഡ് അംഗവും ഡയറക്ടര്‍ ജനറലുമായ മുഹമ്മദ് അല്‍ ഇമാദിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരുസ്ഥാപങ്ങളിലെയും മാനേജര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. 

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍ കോപ് ദുബായ് ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ചു. കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി പ്രാദേശിക സാമൂഹിക സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രൊജക്ടുകള്‍ക്കും പിന്തുണ നല്‍കുന്ന സംരംഭത്തിന്റെ ഭാഗമായാണ് നടപടി.

യൂണിയന്‍ കോപ് സിഇഒയ്ക്കുവേണ്ടി ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍ ഥാനിയും ദുബായ് ഓട്ടിസം സെന്റര്‍ ബോര്‍ഡ് അംഗവും ഡയറക്ടര്‍ ജനറലുമായ മുഹമ്മദ് അല്‍ ഇമാദിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരുസ്ഥാപങ്ങളിലെയും മാനേജര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഓട്ടിസം രോഗികള്‍ക്ക് ആവശ്യമായ ലോകനിലവാരത്തിലുള്ള ആരോഗ്യ, സാമൂഹിക, മാനുഷിക പരിചരണം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഹരീബ് മുഹമ്മദ് ബിന്‍ ഥാനി പറഞ്ഞു. സമൂഹവുമായി ഇഴുകിച്ചേരാന്‍ ഓട്ടിസം രോഗികളെ പ്രാപ്തമാക്കാനും ആവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ഇത് സഹായകമാവും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഗുണകരമായ സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹിക സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തമാക്കാനാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ഉന്നമനത്തിനായുള്ള പ്രയത്നങ്ങളില്‍ പങ്കാളിയാവാനുള്ള യൂണിയന്‍ കോപിന്റെ സന്നദ്ധതയാണ് ഈ ധാരണാപത്രം ഒപ്പുവെയ്ക്കലിലൂടെ വ്യക്തമാകുന്നതെന്ന് ദുബായ് ഓട്ടിസം സെന്റര്‍ ബോര്‍ഡ് അംഗവും ഡയറക്ടര്‍ ജനറലുമായ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു. ഓട്ടിസം ബാധിതരായ  കുട്ടികളുടെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന തങ്ങളുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.

click me!