
ദുബായ്: ഇത്തവണത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇരുനൂറിലധികം വിജയികള്‍ക്ക് 40 ലക്ഷത്തിലധികം ദിര്‍ഹത്തിന്റെ സ്വര്‍ണനാണയങ്ങളാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനിച്ചത്. ദുബായിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അഞ്ചാഴ്ച നീണ്ടുനിന്ന സമ്മാന പദ്ധതി സംഘടിപ്പിച്ചത്. പ്രതിദിനം 75 സ്വര്‍ണനാണയങ്ങള്‍ വീതം ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചുകൊണ്ട്, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഈ പ്രത്യേക സമ്മാനപദ്ധതി, ഫെസ്റ്റിവലിലെത്തന്നെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായിരുന്നു.
പതിവുപോലെ ഇക്കുറിയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ 22 ക്യാരറ്റ് സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളുമാണ് കൂടുതലായി വാങ്ങിയത്. അതേസമയം യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഡിസൈനുകളിലിലുള്ള 18 ക്യാരറ്റ് ആഭരണങ്ങളോടായിരുന്നു പ്രിയം. സമ്മാന പദ്ധതിയില്‍ പങ്കെടുത്ത ജ്വല്ലറികള്‍ക്ക് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണില്‍ 10 മുതല്‍ 15 വരെ ശതമാനം അധിക വ്യാപാരമാണ് നടന്നത്. പ്രാദേശികമായ പ്രതികൂല സാഹചര്യങ്ങളും കൊറോണവൈറസ് പരക്കുന്നത് കാരണം ദുബായിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയുകയും ചെയ്തിട്ടും വ്യാപാരത്തില്‍ ഈ വര്‍ദ്ധനവുണ്ടായെന്നത് ശ്രദ്ധേയമാണ്.
ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ വളരെ മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രചാരണ പദ്ധതിയായിരുന്നു ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റേതെന്ന് ചെയര്‍മാന്‍ തൗഹിദ് അബ്ദുല്ല പറഞ്ഞു. സ്വര്‍ണവ്യാപാരത്തെ പ്രതികൂലമായി ബാധിച്ച ചില അപ്രതീക്ഷിത ഘടകങ്ങള്‍ ഫെസ്റ്റിവലിന്റെ രണ്ടാം പകുതിയില്‍ ചെറിയ തിരിച്ചടിയുണ്ടാക്കി. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കിടയിലും അവസാന കണക്കുകള്‍ സന്തോഷകരമാണ്. സ്വര്‍ണവിപണിയിലെ ആവേശം ചോര്‍ന്നുപോകാതിരിക്കാന്‍ സമ്മാനപദ്ധതി സഹായിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ വാങ്ങിയ സ്വര്‍ണത്തിന്റെ അളവ് വര്‍ദ്ധിച്ചത് ഇതിന്റെ ഫലമായാണ്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും അറബ് ലോകത്തുനിന്നും യൂറോപ്പില്‍ നിന്നുമൊക്കെയെത്തിയ നിരവധി സഞ്ചാരികള്‍ സ്വര്‍ണം വാങ്ങി. ഇത് പ്രതീക്ഷ നല്‍കുന്ന നേട്ടമാണ്. ദുബായില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ സമ്മാനങ്ങളുമായി മികച്ച പ്രചരണ പദ്ധതികള്‍ തുടര്‍ന്നും ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷം തുടര്‍ച്ചയായി ഒരേ കുടക്കീഴില്‍ അണിനിരന്ന് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ സമ്മാന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ചുരുക്കം മേഖലകളിലൊന്നാണ് ദുബായിലെ സ്വര്‍ണാഭരണ വ്യവസായം. കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ആകെ 950 കിലോയിലധികം സ്വര്‍ണമാണ് ഇങ്ങനെ സമ്മാനമായി ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്.
വ്യാപാരത്തെ സ്വാധീനിക്കുന്ന, എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഘടകങ്ങളെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ചന്തു സിറോയ പറഞ്ഞു. സ്വര്‍ണവില കുത്തനെ കൂടിയത്, അസ്ഥിര കാലാവസ്ഥ, ഇറാന്‍-അമേരിക്ക സംഘര്‍ഷം, വ്യത്യസ്ഥ കാരണങ്ങള്‍കൊണ്ട് സഞ്ചാരികളുടെ അളവിലുണ്ടായ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഈ ക്യാമ്പയിന്‍ കാലയളവിനിടയില്‍ പോലും ആഭരണ വിപണിയില്‍ മന്ദതയുണ്ടായി. എന്നാല്‍ ക്യാമ്പയിന്‍ കാലത്തെ മൊത്തകണക്കുകള്‍ പരിശോധിക്കുമ്പോള്‍ നേട്ടങ്ങളാണുണ്ടായത്. അവസാന ആഴ്ചകളില്‍ സ്വര്‍ണവില ഉയര്‍ന്നുവെങ്കിലും മികച്ച സമ്മാനപദ്ധിതകള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ വിപണിയിലെ ആവേശം ചോരാതെ നിലനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണിലെ ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ അവസാന നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിനാണ് നടന്നത്. ദുബായ് ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് മാനേജര്‍ ഫത്തല്ല അബ്ദുല്ല ഫത്തല്ലയുടെ സാന്നദ്ധ്യത്തിലായിരുന്നു ഇത്. ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിലെ മറ്റ് ബോര്‍ഡ് ആംഗങ്ങളും സന്നിഹിതരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam