വര്‍ഷം മുഴുവന്‍ 90 ശതമാനം വരെ വിലക്കുറവുമായി യൂണിയന്‍ കോപിന്റെ 'സ്‍മാര്‍ട്ട് ഡീല്‍' ക്യാമ്പയിന്‍

By Web TeamFirst Published Mar 3, 2021, 1:35 PM IST
Highlights

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഈ ഡിസ്‍കൗണ്ട്‌ ക്യാമ്പയിനില്‍ അര ലക്ഷത്തോളം ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവായ യൂണിയന്‍ കോപ് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പുതിയ പ്രൊമോഷണല്‍ ക്യാമ്പയിനുമായി രംഗത്ത്. അര ലക്ഷത്തോളം ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 'സ്‍മാര്‍ട്ട് ഡീല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയില്‍ 174 ദശലക്ഷം ദിര്‍ഹമാണ് ഡിസ്‍കൗണ്ടുകള്‍ക്കായി യൂണിയന്‍ കോപ് മാറ്റിവെച്ചിരിക്കുന്നത്. സമൂഹത്തിലെ ഓരോരുത്തര്‍ക്കും പ്രയോജനപ്രദമായ അത്യാകര്‍ഷകവും ഉന്നത നിലവാവരത്തിലുമുള്ള ഷോപ്പിങ് അനുഭവം സമ്മാനിക്കാനാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. ഒപ്പം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ആരോഗ്യ ലക്ഷ്യങ്ങളിലേക്കുള്ള പിന്തുണയും.

2021ലെ ഏറ്റവും വലിയ ഡിസ്‍കൗണ്ട്‌ ക്യാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും നിക്ഷേപകരുടെയും കര്‍ഷകരുടെയും ഉത്പ്പന്ന നിര്‍മാതാക്കളുടെയുമെല്ലാം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ഈ 'സ്‍മാര്‍ട്ട് ഡീല്‍' എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനായി യൂണിയന്‍ കോപ് കൈക്കൊള്ളുന്ന തുടര്‍ച്ചയായ നടപടികളുടെ ഭാഗം കൂടിയാണിത്. ഒപ്പം ആരോഗ്യകരമായ ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കുക വഴി സാമൂഹികപരമായ ഉത്തരവാദിത്തം നിറവേറ്റുകളും കോഓപ്പറേറ്റീവ് രംഗത്ത് മികവുറ്റ മാതൃക സൃഷ്ടിക്കുകയുമാണ് യൂണിയന്‍ കോപ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റോറുകളില്‍ തിരക്കൊഴിവാക്കി സ്‍മാര്‍ട്ട് ഷോപ്പിങ്
ആരോഗ്യകരമായ, ഓര്‍ഗാനിക്, ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് സ്‍മാര്‍ട്ട് ഡീല്‍ ക്യാമ്പയിനിനായി സജ്ജമാക്കിയിരിക്കുന്നത്. ഒപ്പം സ്വദേശി ഉത്‍പന്നങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകയും രാജ്യത്തെ സാംസ്‍കാരിക വൈവിദ്ധ്യം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വര്‍ഷം മുഴുവന്‍ ഈ ഓഫറുകള്‍ ലഭ്യമാവുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാനുസരണം ഷോപ്പ് ചെയ്യാനുമാവും.  വലിയ അളവില്‍ ഉത്പ്പന്നങ്ങള്‍ സംഭരിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്നതാണ് ഈ ക്യാമ്പയിനിന്റെ പ്രധാന സവിശേഷതകളിലൊന്നെന്ന് അല്‍ ഫലാസി പറഞ്ഞു. അതുകൊണ്ടുതന്നെ ക്യാമ്പയിന്‍ കാലത്തുടനീളം സ്റ്റോറുകളിലെ തിരക്കൊഴിവാക്കി ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഈ നേട്ടം പ്രയോജനപ്പെടുത്താനാവും. ഉത്പന്നങ്ങളുടെ അളവ്, കാലാവധി, വില, ഗുണനിലവാരം എന്നിവയില്‍ ശ്രദ്ധയൂന്നിക്കൊണ്ടാണ് യൂണിയന്‍ കോപിന്റെ പ്രമോഷണല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം 101 ഡിസ്‍കൗണ്ട്‌ ക്യാമ്പയിനുകള്‍
കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം യൂണിയന്‍ കോപ് 101 ഡിസ്‍കൗണ്ട്‌ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചതായി അല്‍ ഫലാസി പറഞ്ഞു. അധികൃതര്‍ നിര്‍ദേശിച്ച എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും കണക്കിലൊടുത്തുകൊണ്ടുതന്നെ പ്രമൊഷണല്‍ ഓഫറുകളിലൂടെയും ഡിസ്‍കൗണ്ടുകളിലൂടെയും മികച്ച വിലയില്‍ യൂണിയന്‍ കോപ് സാധനങ്ങള്‍ ലഭ്യമാക്കി. രാജ്യത്തിന്റെ മികവുറ്റ നേതൃത്വം ലക്ഷ്യമിടുന്ന സുസ്ഥിര സാമ്പത്തിക സ്ഥിതിയിലേക്കുള്ള പാതയില്‍ കണ്‍സ്യൂമര്‍ ഓപറേറ്റീവുകളുടെ പങ്കാളിത്തവും സാന്നിദ്ധ്യവും ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്‍ചവെക്കുന്നത്.

click me!