
അബുദാബി: മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. ഉടമയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടാനുള്ള അനുമതി നല്‍കിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുനൂറിലധികം കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണ്. അതേസമയം ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്സല്‍ ഹോസ്‍പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് നല്‍കുന്നില്ല. കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാരില്‍ ആരോപിച്ചു. ശമ്പളം മുടങ്ങാന്‍ തുടങ്ങിയതോടെ ജീവനക്കാരില്‍ ചിലര്‍ രാജിവെച്ച് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചില ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി.
ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്‍സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയാമായിരുന്നുവെന്നും എല്ലാം ശരിയാവുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ഒരു ജീവനക്കാര്‍ പറഞ്ഞു. ആശുപത്രി അടച്ചുപൂട്ടിയത് സംബന്ധിച്ച് ഇവര്‍ക്ക് ആര്‍ക്കും മാനേജ്മെന്റ് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam