പ്രവാസികള്‍ ശ്രദ്ധിക്കുക; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും

By Web TeamFirst Published Feb 8, 2019, 12:00 PM IST
Highlights

എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. 

അബുദാബി: ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐ‍ഡി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്‍കാലികമായി പ്രവര്‍ത്തനരഹിതമാവും. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി 28 വരെയാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്.

എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഇക്കാലയളവില്‍ അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കില്ലെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന അഞ്ച് മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ നല്‍കാനാവും.

1. ബാങ്കിന്റെ വെബ്സൈറ്റ് വഴി
2. എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് ബാങ്കിലേക്ക് ഇ-മെയില്‍ ചെയ്യാം
3. മൊബൈല്‍ ബാങ്കിങ് വഴി
4. എടിഎം വഴി
5. കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴി

വിശദവിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ബാങ്കുകള്‍ അയക്കുന്നുണ്ട്. ഇ-ബാങ്കിങ് വഴി നല്‍കുന്ന വിവരങ്ങളുടെ പ്രോസസിങിന് 10 ദിവസം വരെ സമയമെടുക്കും. എന്നാല്‍ എടിഎം വഴി എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കിയാല്‍ ഒരു മിനിറ്റിനകം തന്നെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും അറിയിച്ചിട്ടുണ്ട്.

click me!