
അബുദാബി: എമിറേറ്റ്‌സ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന എമിറേറ്റ്‌സ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഏകദേശം 750 ദശലക്ഷം ദിർഹം (75 കോടി) ചെലവും രണ്ട് വർഷത്തെ നിർമ്മാണ കാലാവധിയുമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. അൽ ബദീ ഇന്‍റര്‍ചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെ 25 കിലോമീറ്റർ ദൂരത്തിൽ റോഡ് ഓരോ ദിശയിലും മൂന്ന് ലൈനുകളിൽ നിന്ന് അഞ്ച് ലൈനുകളായി വികസിപ്പിക്കും. ഇതോടെ റോഡിന്‍റെ ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർധിപ്പിക്കും. ഇത് 65 ശതമാനം വർധനവാണ്.
പ്രധാന റോഡിന്റെ ഇരുവശത്തും 3.4 കിലോമീറ്റർ സർവീസ് റോഡുകൾ നിർമിക്കുന്നതിനോടൊപ്പം, ഇന്റർചേഞ്ച് നമ്പർ 7നെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനായി ആറ് ദിശാസൂചന പാലങ്ങൾ നിർമിക്കും. 12.6 കിലോമീറ്റർ നീളമുള്ള ഈ പാലങ്ങൾക്ക് മണിക്കൂറിൽ 13,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും. രാജ്യത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്ര എളുപ്പമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം ഗതാഗതക്കുരുക്കുകൾ കാരണമായുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണം കുറയാനും നവീകരണം സഹായിക്കും. വിവിധ എമിറേറ്റുകൾ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് കൂടുതൽ സുഗമമാക്കാനും പദ്ധതി ഉപകരിക്കും.
എമിറേറ്റ്സ് റോഡ് വിപുലീകരണവും നവീകരണ പദ്ധതിയും ഒരു റോഡിന്റെ വികസനം എന്നതിലുപരി, അതിവേഗത്തിലുള്ള ജനസംഖ്യാ വർധനവിന്റെയും സാമ്പത്തിക വളർച്ചയുടെയും ആവശ്യമനുസരിച്ച് കൂടുതൽ വികസിതവും കാര്യക്ഷമവും സുസ്ഥിരവുമായ ഫെഡറൽ റോഡ് ശൃംഖല രൂപപ്പെടുത്തലാണെന്ന് മന്ത്രാലയത്തിലെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെക്ടറിന്റെ അസി. അണ്ടർ സെക്രട്ടറി യൂസഫ് അബ്ദുല്ല പറഞ്ഞു.
റോഡ് വീതി കൂട്ടൽ: ഓരോ ദിശയിലും മൂന്ന് ലൈനുകളിൽ നിന്ന് അഞ്ച് ലൈനുകളായി വികസിപ്പിക്കും.
പാലം നിർമ്മാണം: ഇന്റർസെക്ഷൻ നമ്പർ 7-ൽ 12.6 കിലോമീറ്റർ നീളത്തിൽ ആറ് പുതിയ പാലങ്ങൾ.
ശേഷി വർദ്ധിപ്പിക്കൽ: മണിക്കൂറിൽ 9,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.
കളക്ടർ റോഡുകൾ: ഇരുവശത്തും 3.4 കിലോമീറ്റർ പുതിയ കളക്ടർ റോഡുകൾ.
ട്രാഫിക് ലൈനുകൾ: 70 കിലോമീറ്റർ പുതിയ ട്രാഫിക് ലൈനുകൾ കൂട്ടിച്ചേർക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ