
ദോഹ: ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസമായി രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം തേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഇനി മുതൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പി.എച്ച്.സി.സി) ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുന്നവർ ഹെൽത്ത് കാർഡ് കയ്യിൽ കരുതേണ്ടതില്ല. പകരം ഖത്തർ ഐഡി (ക്യു.ഐ.ഡി) ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ പരിഷ്കാരമനുസരിച്ച്, ഹെൽത്ത് കാർഡുകൾ അച്ചടിച്ച് നൽകുന്ന രീതി മന്ത്രാലയം പൂർണ്ണമായും നിർത്തലാക്കി. നേരെത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ താമസക്കാർക്ക് സബ്‌സിഡി നിരക്കിൽ സേവനങ്ങൾ ലഭ്യമാകാൻ ഹെൽത്ത് കാർഡ് കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ഖത്തർ ഐഡി നമ്പറുമായി ഹെൽത്ത് കാർഡ് വിവരങ്ങൾ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സിസ്റ്റം വഴി വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാനാകും. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങൾക്കായി എത്തുമ്പോൾ നിർബന്ധമായും ഖത്തർ ഐഡി കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
കാർഡ് അച്ചടിക്കുന്നത് നിർത്തിയെങ്കിലും ഹെൽത്ത് കാർഡ് സേവനങ്ങൾക്കുണ്ടായിരുന്ന വാർഷിക പുതുക്കൽ ഫീസുകൾ പഴയപടി തന്നെ തുടരും. സാധാരണ പ്രവാസികൾക്ക് 100 റിയാലും, സ്പോൺസർഷിപ്പിന് കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്ക് 50 റിയാലുമാണ് വാർഷിക പുതുക്കൽ ഫീസ്. ഖത്തർ ഐഡി ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് കാർഡ് പുതുക്കിയിരിക്കണം. 'ഹുക്കൂമി' പോർട്ടൽ വഴിയോ Nar'aakom ആപ്പ് വഴിയോ ഓൺലൈനായി തുക അടച്ച് ഹെൽത്ത് കാർഡ് പുതുക്കാം.
ആരോഗ്യമേഖലയിലെ നടപടിക്രമങ്ങൾ ലളിതമാക്കാനും സർക്കാർ രേഖകൾ ഏകീകരിക്കാനും രോഗികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ മാറ്റം നടപ്പിലാക്കുന്നത്. നേരത്തെ ഖത്തർ പൗരന്മാർക്ക് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു. ഇപ്പോൾ പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ താമസക്കാരിലേക്കും ഈ സേവനം വ്യാപിപ്പിച്ചതോടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമായി മാറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam