പ്രമുഖ ഗ്ലോബൽ സിറ്റിസൺഷിപ്പ് അഡ്വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌നേഴ്‌സിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനത്തെത്തി. ഈ നേട്ടത്തോടെ യുഎഇ പൗരന്മാർക്ക് 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ദുബായ്: പാസ്‌പോർട്ട് കരുത്തിൽ വീണ്ടും സർവ്വകാല റെക്കോർഡ് കുറിച്ച് യുഎഇ. പ്രമുഖ ഗ്ലോബൽ സിറ്റിസൺഷിപ്പ്, റെസിഡൻസ് അഡ്വൈസറി ഫേമായ ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനം പങ്കിട്ടു. ഈ നേട്ടത്തോടെ യുഎഇ പൗരന്മാർക്ക് ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയില്ലാതെയും അല്ലെങ്കിൽ ഓൺ അറൈവൽ വിസ നേടാനും സാധിക്കും.
ഏറ്റവും പുതിയ റാങ്കിംഗിൽ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പമാണ് യുഎഇ രണ്ടാം സ്ഥാനം പങ്കിടുന്നത്. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ജനുവരിയിലെ റാങ്കിംഗിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തിയ യുഎഇ, ഏറ്റവും പുതിയ പട്ടികയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ രാജ്യം കൂടിയാണ്. അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി നിലനിർത്താൻ ഈ മുന്നേറ്റത്തിലൂടെ യു.എ.ഇക്ക് സാധിച്ചു.
മറ്റ് പ്രമുഖ രാജ്യങ്ങളുടെ റാങ്കിംഗ്
മൂന്നാം സ്ഥാനം: സ്വീഡൻ (187 രാജ്യങ്ങളിലേക്ക് പ്രവേശനം).നാലാം സ്ഥാനം: ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലാൻഡ്, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, സ്പെയിൻ (186 രാജ്യങ്ങൾ).അഞ്ചാം സ്ഥാനം: ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് (185 രാജ്യങ്ങൾ).ആറാം സ്ഥാനം: യുകെ( 184 രാജ്യങ്ങൾ) .പത്താം സ്ഥാനം: യുഎസ്എ ( 180 രാജ്യങ്ങൾ).
അന്താരാഷ്ട്ര വ്യോമയാന ഗതാഗത സംഘടനയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് തയ്യാറാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഒരു രാജ്യവും കൈവരിക്കാത്ത തരത്തിലുള്ള അവിശ്വസനീയമായ കുതിച്ചുചാട്ടമാണ് യുഎഇ പാസ്‌പോർട്ട് നടത്തിയത്. 2006-ൽ ഇൻഡക്‌സ് ആരംഭിക്കുമ്പോൾ കേവലം 62-ാം സ്ഥാനത്തായിരുന്ന യുഎഇ, വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ ശക്തമായ നയതന്ത്ര ബന്ധങ്ങളിലൂടെയും പരസ്പര വിസ ഒഴിവാക്കൽ കരാറുകളിലൂടെയും 153 പുതിയ രാജ്യങ്ങളിലേക്ക് കൂടി വിസ രഹിത പ്രവേശനം സ്വന്തമാക്കിയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. ഒരു രാജ്യത്തിന്റെ നയതന്ത്ര മൂല്യത്തിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രതിഫലനമാണ് പാസ്‌പോർട്ടിന്റെ ശക്തിയെന്ന് ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് ചെയർമാൻ ഡോ. ക്രിസ്റ്റ്യൻ എച്ച്. കെയ്‌ലിൻ വ്യക്തമാക്കി.


