കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

By Web TeamFirst Published Mar 22, 2019, 11:47 AM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടല്‍ വഴി  ഫാമിസി വിസിറ്റ് വിസയുടെ കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കുമ്പോള്‍ കാലാവധിയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

റിയാദ്: സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ബുധനാഴ്ച ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടല്‍ വഴി  ഫാമിസി വിസിറ്റ് വിസയുടെ കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കുമ്പോള്‍ കാലാവധിയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതിനാവശ്യമായ സജ്ജീകരണങ്ങള്‍ പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്.  എന്നാല്‍ ഹജ്ജ്, ഉംറ വിസയില്‍ വരുന്നവര്‍, നയതന്ത്ര വിസയുള്ളവര്‍, നയതന്ത്ര കാര്യാലയങ്ങളിലേക്ക് സന്ദര്‍ശനത്തിന് എത്തുന്നവര്‍, ഔദ്യോഗിക അതിഥികള്‍ തുടങ്ങിയ വിഭാഗങ്ങളെ മെഡ‍ിക്കല്‍ ഇന്‍ഷുറന്‍സ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിസിറ്റ് വിസയുടെ കാലാവധി ഏഴ് ദിവസമോ അതില്‍ കുറവോ ആകുമ്പോള്‍ വിസ പുതുക്കാനുള്ള അപേക്ഷ നല്‍കാം. ഇതിന് മുന്‍പ് തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാലാവധി പുതുക്കിയിരിക്കണം. പരമാവധി 180 ദിവസം വരെയാണ് സന്ദര്‍ശക വിസകള്‍ പുതുക്കി നല്‍കുന്നത്.

click me!