
ഷാർജ: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കുന്നതിൽ പ്രതികരിച്ച് വിപഞ്ചികയുടെ കുടുംബം. കുഞ്ഞിന്റെ സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച ചെയ്തതെന്ന് കുടുംബം പ്രതികരിച്ചു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇനിയും ഫ്രീസറിൽ വെച്ച് കൊണ്ടിരിക്കാൻ വയ്യ. ഇതുവരെ മൃതദേഹം കാണാൻ പോലും പറ്റിയിട്ടില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദുബായ് ഇന്ത്യൻ കോൺസുലറ്റിൽ നടന്ന ചർച്ചയിൽ കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് ഒടുവിൽ വിപഞ്ചികയുടെ അമ്മയുൾപ്പടെ വഴങ്ങുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം ഇനിയും അനിശ്ചിതമായി നീളാതിരിക്കാനാണ് വിപഞ്ചികയുടെ ഭർത്താവിന്റെ കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയത്. കുഞ്ഞിന്‍റെ സംസ്കാരത്തിൽ വിപഞ്ചികയുടെ കുടുംബം പങ്കെടുക്കും. ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടം പൂർത്തിയായതായി കുടുംബം അറിയിച്ചു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെ എന്നാണ് റിപ്പോർട്ട്. യുഎഇ നിയമത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ഇനി റീ പോസ്റ്റ്മോർട്ടം വേണ്ടെന്നും കുടുംബം പറഞ്ഞു. അനുകമ്പയോടെ ഒരു വാക്കുപോലും നിധീഷിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നാട്ടിലെ നിയമപോരാട്ടങ്ങൾ തുടരുമെന്നും കുടുംബം കൂട്ടിച്ചേർത്തു.
ആത്മഹത്യയെന്ന നിഗമനത്തെ ശരിവെക്കുന്നതാണ് നിലവിലെ കണ്ടെത്തലുകളെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന് കിട്ടിയ വിവരം. കേസിൽ യുഎഇയിലെ തുടർനിയമനടപടികൾ ഇനിയും കൂടിയാലോചിച്ച ശേഷമാകും. അങ്ങനെ, ജീവിതത്തിൽ പിടിച്ചു നിൽക്കാനാകാതെ മകൾക്കൊപ്പം ജീവനൊടുക്കിയ വിപഞ്ചികയെന്ന അമ്മ, മരണാനന്തരം മകളെ മറ്റൊരിടത്ത് തനിച്ചാക്കി ജന്മാട്ടിലേക്ക് ജീവനറ്റ് മടങ്ങും. ഓർക്കാൻ പോലുമാരും ആഗ്രഹിക്കാത്ത വേർപാട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam