
കറാച്ചി: പല നാടുകളിലും വിവാഹങ്ങള്‍ക്ക് വ്യത്യസ്തമായ ചടങ്ങുകളാണ് ഉള്ളത്. വിവാഹം ആഘോഷമാക്കാന്‍ വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വിവാഹത്തിന് വധൂവരന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അലങ്കരിക്കുന്നതും പതിവാണ്. വളരെ ലളിതമായി നടത്തുന്ന വിവാഹങ്ങളും ധാരാളം പണം ചെലവാക്കിയുള്ള വിവാഹങ്ങളും കാണാറുണ്ട്. പലരും കാലഘട്ടത്തിന് അനുസരിച്ച് വിവാഹ ചടങ്ങുകളില്‍ വേണ്ട മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഉള്‍പ്പെടെ ട്രെന്‍ഡ് ആകുകയാണ് ഇപ്പോള്‍. എന്നാല്‍ ഈ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു വീഡിയോയിലെ കാഴ്ചകള്‍. വധുവിന്‍റെ വീടിന്‍റെ മുകളിലൂടെ പോകുന്ന വിമാനത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ താഴേക്ക് പറത്തുന്നതാണ് വീഡിയോയില്‍.
സോഷ്യൽ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്‍പ്പെടുന്ന ഹൈദരാബാദ് നഗരത്തില്‍ നിന്നാണെന്നാണ് വിവരം. 'വധുവിന്‍റെ പിതാവിന്‍റെ അഭ്യര്‍ത്ഥന...മകന്‍റെ വിവാഹത്തിന് വിമാനം വാടകയ്ക്കെടുത്ത് വധുവിന്‍റെ വീടിന് മുകളില്‍ ലക്ഷക്കണക്കിന് രൂപ എറിഞ്ഞ് വരന്‍റെ പിതാവ്' എന്ന കുറിപ്പോടെയാണ് വീഡിയോ എക്സ് പ്ലാറ്റ്‍ഫോമിൽ പങ്കുവെച്ചത്. വധുവിന്‍റെ വീടിന് മുകളിലൂടെ താഴ്ന്ന പറക്കുന്ന വിമാനത്തില്‍ നിന്ന് ലക്ഷങ്ങള്‍ താഴേക്ക് വീഴുന്നതാണ് വീഡിയോയില്‍. ഇത് കണ്ട് നില്‍ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതോടെ ധാരാളം പേര്‍ ഇതിന് കമന്‍റുകളുമായെത്തി. സമ്മിശ്ര കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വരന്‍റെ പിതാവ് മകന്‍റെ വിവാഹത്തിനായി വധുവിന്‍റെ വീട്ടില്‍ ദശലക്ഷക്കണക്കിന് രൂപ എറിഞ്ഞു, ഇനി വരന്‍ പിതാവിന്‍റെ കടം തീര്‍ക്കുന്നത് ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരും' - സോഷ്യല്‍ മീഡിയ ഉപയോക്താവ് എക്സില്‍ കുറിച്ചു.
ചിലര്‍ ഇതില്‍ ആശ്ചര്യപ്പെട്ടപ്പോള്‍ പണം വെറുതെ പാഴാക്കുന്നെന്ന് ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. എന്തായാലും വരന്‍റെ പിതാവ് തന്നെയാണോ ഈ ഐഡിയയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. പക്ഷേ വീഡിയോ സോഷ്യൽ മീഡിയയില്‍ വന്‍ തരംഗമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam