ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അവസരം

By Web TeamFirst Published Mar 8, 2019, 2:56 PM IST
Highlights

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിസയില്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ ഇതിനായി പ്രത്യേക വിസ വിമാനത്താവളങ്ങളില്‍ നിന്ന് അനുവദിക്കുകയോ ചെയ്യുന്നതാവും സംവിധാനം. 

ജിദ്ദ: പ്രത്യേക വിസയില്ലാതെ തന്നെ സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക, ജപ്പാന്‍, ചൈന എന്നിവയ്ക്ക് പുറമെ യുറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വേണ്ടിയാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശദമായ പദ്ധതിക്ക് വരും മാസങ്ങളില്‍ അന്തിമരൂപമാകും. തുടര്‍ന്ന് ഈ വര്‍ഷം അവസാനം തന്നെ പ്രഖ്യാപനവുമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിസയില്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ ഇതിനായി പ്രത്യേക വിസ വിമാനത്താവളങ്ങളില്‍ നിന്ന് അനുവദിക്കുകയോ ചെയ്യുന്നതാവും സംവിധാനം. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കൂടുതല്‍ ഉദാരനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിനോദ സഞ്ചാര രംഗത്ത് 2025ഓടെ 46,000 കോടി ഡോളറിന്റെ വരുമാനം സമാഹരിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. 2015ലെ കണക്കനുസരിച്ച് ഇത് 27,900 കോടി ഡോളറായിരുന്നു.

പ്രത്യേക പരിപാടികള്‍ക്കായി രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവന്റ് വിസകള്‍ നല്‍കാനുള്ള തീരുമാനം സൗദി ക്യാബിനറ്റ് അംഗീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും വഴി 24 മണിക്കൂറിനകം വിസ നല്‍കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും വിധം നിരവധി പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിര്‍മ്മാണവും സൗദിയില്‍ പുരോഗമിക്കുകയാണ്.

click me!