
അബുദാബി: വിസിറ്റിങ് വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നതുള്‍പ്പെടെ യുഎഇയിലെ പുതിയ വിസ പരിഷ്കാരങ്ങള്‍ ഈ മാസം 21ന് നിലവില്‍ വരും. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്കാരങ്ങളാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇപ്പോള്‍ നടപ്പാക്കുന്നത്.
വിസിറ്റിങ് / ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാതെ തന്നെ രണ്ട് തവണ വിസ കാലാവധി ദീര്‍ഘിപ്പിക്കാനാവും. 30 ദിവസം വീതം രണ്ട് തവണകളായാണ് ഇത് ചെയ്യാനാവുന്നത്. തൊഴില്‍ തേടി രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് അനുഗ്രഹമാകുന്ന തീരുമാനമാണിത്. വിസിറ്റ് വിസയ്‌ക്ക് മൂന്ന് മാസത്തെയും ടൂറിസ്റ്റ് വിസയ്‌ക്ക് ഒരു മാസത്തെയും കാലാവധിയാണുണ്ടാവുക. ഇത് പൂര്‍ത്തിയായാല്‍ നിലവിലുള്ള രീതി അനുസരിച്ച് ഇവര്‍ രാജ്യത്തിന് പുറത്തേക്ക് പോകണം. പിന്നീട് പുതിയ വിസയ്‌ക്ക് അപേക്ഷിച്ച് അത് അനുവദിച്ച് കിട്ടുന്നമുറയ്‌ക്ക് മാത്രമേ തിരികെ വരാനാകൂ.
രാജ്യത്തിനകത്ത് നിന്നുതന്നെ വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അവസരം ലഭിക്കുന്നതോടെ ജോലി അന്വേഷിച്ചെത്തുന്നവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഇടയ്‌ക്ക് നാട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള വിമാന ടിക്കറ്റും മറ്റ് ചിലവുകളും ലാഭിക്കാനുമാകും. ആദ്യം വിസ എടുത്ത ട്രാവല്‍ ഏജന്റ് വഴി തന്നെയാണ് ഇങ്ങനെ കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. ഓരോ തവണയും 600 ദിര്‍ഹമാണ് ഫീസ്. ഇത്തരത്തില്‍ രണ്ട് തവണ കൂടി ദീര്‍ഘിപ്പിച്ച കാലാവധി (ആകെ 60 ദിവസം) പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിന് പുറത്തുപോകണമെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam