
അബുദാബി: എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സഞ്ചരിക്കാം. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും യുഎഇയിലേക്ക് പോകാനുള്ള വഴി തെളിയുകയാണ്.
ദുബായിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിച്ചുതുടങ്ങിയെങ്കിലും നിലവില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുണ്ടായിരുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ പ്രത്യേക ധാരണ പ്രകാരം സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സാധുതയുള്ള താമസ വിസക്കാരെ മാത്രമാണ് യുഎഇയുടെ പ്രത്യേക അനുമതിയോടെ കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഇതിനിടെ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ദുബായ് സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്ന് യാത്രാ അനുമതി ഇല്ലാത്തതിനാല്‍ വിസ ലഭിച്ചവര്‍ പ്രതിസന്ധിയിലായിരുന്നു. ഈ അവസ്ഥക്കാണ് പരിഹാരമാവുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം എല്ലാത്തരം വിസയുള്ള ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതായി അംബാസഡര്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെയും യുഎഇയിലെയും എല്ലാ വിമാനക്കമ്പനികള്‍ക്കും എല്ലാത്തരം വിസയുള്ളവരെയും കൊണ്ടുപോകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് ദുബായിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത്. വിസ അനുവദിക്കുന്നത് ദുബായ് താമസകാര്യ വകുപ്പിന്റെ അനുമതിയോടെ ആയതിനാല്‍ സന്ദര്‍ശക വിസക്കാര്‍, താമസ വിസക്കാരെപ്പോലെ വീണ്ടും പ്രത്യേക അനുമതിയും വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ കൊവിഡ് പരിശോധന അടക്കം മറ്റുള്ള നിബന്ധനകളെല്ലാം ബാധകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam