
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജിന് അബുദാബിയില്‍ വന്‍ സ്വീകരണം. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചേര്‍ന്നാണ് സ്വീകരിച്ചത്.
'യുഎഇയിലേക്ക് സ്വാഗതം, താങ്കളുടെ സാന്നിധ്യത്താല്‍ ഞങ്ങളുടെ രാജ്യം അനുഗ്രഹീതമായിരിക്കുന്നു. താങ്കളുടെ ദയ ഞങ്ങളെ സ്പര്‍ശിച്ചു. താങ്കളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ അനുഭവിക്കുന്നു'- ശൈഖ് നഹ്യാന് പറഞ്ഞു. നിങ്ങളുടെ സ്നേഹവും ആദരവും സ്പര്‍ശിച്ചെന്നും യുഎഇയിലെ നേതാക്കള്‍ മികച്ചവരും നല്ലവരും വിശാല ഹൃദയമുള്ളവരുമാണെന്നും സ്വാമി മഹാരാജ് മറുപടി നല്കി.
ഫെബ്രുവരി 14നാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം. ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ അരങ്ങേറുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പൂജ ചടങ്ങുകളോടെ ഏഴ് ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ സമർപ്പണചടങ്ങ് നടക്കുക.
ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്റെ ഉയരം. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്. ഫെബ്രുവരി 18 മുതൽ പൊതു ജനങ്ങൾക്ക് ക്ഷേത്ര സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച് ഒന്നുമുതലാണ് പൂർണമായ തോതിൽ സന്ദർശനം അനുവദിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam