നവംബർ 22 വരെ ഒമാനിൽ കനത്തമഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

By Web TeamFirst Published Nov 20, 2019, 5:54 PM IST
Highlights

തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാനില്‍ മഴ കനത്തതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 22 വരെ ഒമാനിൽ കനത്തമഴ തുടരുമെന്നും കാലാവസ്ഥ വിശകലന കേന്ദ്രം വ്യക്തമാക്കി. 

മസ്കത്ത്: ഒമാനിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്നതായി റിപ്പോർട്ട്. ബുറൈമി, ദാഹിറ, നോർത്ത് ബാത്തിന, ദാഖിലിയ എന്നിവിടങ്ങളിൽ വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റ്, സൗത്ത്‌ ബാത്തിന, ബുറൈമി, ദാഖിലിയ, ദാഹിറ, മസ്കത്ത് എന്നിവിടങ്ങളിൽ ശക്തമായ ഇ‌ടിമിന്നലിനൊപ്പം കാറ്റിനും സാധ്യതയുണ്ട്.

തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാനില്‍ മഴ കനത്തതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 22 വരെ ഒമാനിൽ കനത്തമഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലം ചിലയി‍ടങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ട്. ജബൽ ശംമ്സിലായിരിക്കും ഏറ്റവും കുറഞ്ഞ് താപനില രേഖപ്പെടുത്തുക. മൂന്ന് ‍ഡി​ഗ്രി സെൽഷ്യൽസ് ആയിരിക്കും ഇവിടുത്തെ താപനില.

ഹൈമ (16 ഡി​ഗ്രി സെൽഷ്യൽസ്), നിസ്വ (18 ഡി​ഗ്രി സെൽഷ്യൽസ്), ബുറൈമി, ഇബ്ര, റുസ്താഖ് ( 19 ഡി​ഗ്രി സെൽഷ്യൽസ്) എന്നിങ്ങനെയായിരിക്കും ഇവിടങ്ങളിലെ താപനില. മസ്കത്തിലും സുഹറിലും 20 ഡി​ഗ്രി സെൽഷ്യൽസ് താപനിലയാണുണ്ടാകുക. നാല് ദിവസം താപനില ഈ നിലയിൽ തുടരും.

ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റര്‍ വരെ ഉയരാൻ സാധ്യതയുണ്ട്. ഒമാനിലെ മറ്റ് തീരങ്ങളിൽ ഒരു മീറ്റർ മുതൽ അരമീറ്റർ വരെ തിരമാലകൾ ഉയരാനാണ് സാധ്യതയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.   

click me!