പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ കേരളം സജ്ജമോ? കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സര്‍ക്കാര്‍

By Web TeamFirst Published May 5, 2020, 12:27 AM IST
Highlights

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കനുസരിച്ച് നാലു ലക്ഷത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ എത്ര പേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുളള കെട്ടിടങ്ങള്‍ നിലവില്‍ സജ്ജമാണെന്നുള്ളതാണ് പ്രധാന ചോദ്യം. മടങ്ങാനിരിക്കുന്നവരുടെ കണക്കുമായി തട്ടിച്ച് നോക്കിയാല്‍ ഇതുവരെയുളള സന്നാഹങ്ങള്‍ പരിമിതമെന്ന് വ്യക്തമാകും

കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങളെല്ലാമായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നിരീക്ഷണ കേന്ദ്രങ്ങളുടെയടക്കം കാര്യത്തില്‍ ചോദ്യങ്ങള്‍ ബാക്കിയാണ്. ഈ വിഷയത്തില്‍ ഹൈക്കോടതി മൂന്നുവട്ടം നിലപാട് തേടിയിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കനുസരിച്ച് നാലു ലക്ഷത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ എത്ര പേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുളള കെട്ടിടങ്ങള്‍ നിലവില്‍ സജ്ജമാണെന്നുള്ളതാണ് പ്രധാന ചോദ്യം. മടങ്ങാനിരിക്കുന്നവരുടെ കണക്കുമായി തട്ടിച്ച് നോക്കിയാല്‍ ഇതുവരെയുളള സന്നാഹങ്ങള്‍ പരിമിതമെന്ന് വ്യക്തമാകും.

കോഴിക്കോട് നഗര പരിധിയില്‍ മാത്രം വിദേശത്തുനിന്ന് ഏഴായിരത്തിലേറെ പേര്‍ മടങ്ങിയെത്തുമെന്നാണ് കണക്ക്. എന്നാല്‍ ഇതുവരെ കണ്ടെത്തിയതാകട്ടെ പത്ത് കെട്ടിടങ്ങള്‍ മാത്രം. ഇവിടെ പരമാവധി നിരീക്ഷണത്തില്‍ പാര്‍പ്പിക്കാവുന്നത് 700 മുതല്‍ 800 പേരെ മാത്രം. മലബാറിലെ പല ജില്ലകളിലെയും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ. മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തില്‍ എന്തെല്ലാം ചെയ്തെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി മൂന്നു വട്ടമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. നാട്ടിലെത്തുന്നവര്‍ക്ക് നിരീക്ഷണ കാലം പൂര്‍ത്തിയാക്കാനുളള കെട്ടിടങ്ങള്‍, ഇവര്‍ക്കായുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയെല്ലാം വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് ഏപ്രില്‍ 24ന് ഹൈക്കോടതി ഒടുവില്‍ നിര്‍ദ്ദേശം നല്‍കി. ഒരു ലക്ഷം പേരെങ്കിലും മടങ്ങിയെത്തിയാല്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അധികമായി വേണ്ടി വരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനമെങ്കിലും ഇവരെ പ്രത്യേകം പാര്‍പ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. വ്യാഴാഴ്ചയ്ക്ക് മുമ്പ് കേരളം വലിയ തയാറെടുപ്പുകള്‍ നടത്തേണ്ടി വരും. യുഎഇയില്‍ നിന്ന് ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേക്കാണ്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയ കേരള സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയത്.

click me!