
അബുദാബി: കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾക്ക് പേരു കേട്ട യൂറോപ്യൻ വിമാനക്കമ്പനിയായ വിസ് എയർ യുഎഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. യുഎഇ കേന്ദ്രീകരിച്ചുള്ള 'വിസ് എയർ അബുദാബി' സർവീസ് അവസാനിപ്പിച്ച് ഒരു വർഷം തികയുമ്പോഴാണ് അബുദാബി, ദുബായ് നഗരങ്ങളിലേക്ക് വീണ്ടും സർവീസുകളുമായി വിസ് എയർ എത്തുന്നത്.
ജിദ്ദ (സൗദി അറേബ്യ), അമ്മാൻ (ജോർദാൻ) എന്നിവയാണ് വീണ്ടും സർവീസ് പുനഃരാരംഭിക്കുന്ന മറ്റ് രണ്ട് പ്രധാന നഗരങ്ങൾ. ഈ നാല് നഗരങ്ങളെയും ബന്ധിപ്പിച്ച് 12 പുതിയ റൂട്ടുകളിലായി ആഴ്ചയിൽ 49 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
2020-ൽ അബുദാബിയുടെ എഡിക്യു കമ്പനിയുമായി ചേർന്നാണ് 'വിസ് എയർ അബുദാബി' ആരംഭിച്ചത്. എന്നാൽ എഞ്ചിൻ തകരാറുകളും ഗൾഫിലെ ചൂടുള്ള കാലാവസ്ഥയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കാരണം 2025 സെപ്റ്റംബർ 1-ഓടെ യുഎഇ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കുകയായിരുന്നു.
യുഎഇ അടിസ്ഥാനമാക്കിയുള്ള സർവീസുകൾ നിർത്തിയെങ്കിലും യൂറോപ്പിൽ നിന്നുള്ള വിമാനങ്ങൾ വഴി വിസ് എയർ മിഡിൽ ഈസ്റ്റിലേക്ക് സർവീസ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
വരുന്ന വർഷം മുതൽ തങ്ങളുടെ എല്ലാ വിമാനങ്ങളിലും യാത്രക്കാർക്ക് സൗജന്യ 'സ്റ്റാർലിങ്ക്' സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും വിസ് എയർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ യാത്രയ്ക്കിടയിൽ അധിക തുക നൽകാതെ തന്നെ അത്യാധുനിക അതിവേഗ ഇന്റർനെറ്റ് സൗജന്യമായി നൽകുന്ന ആദ്യ യൂറോപ്യൻ അൾട്രാ-ലോ-കോസ്റ്റ് എയർലൈനായി വിസ് എയർ മാറും.
ഒക്ടോബർ 25 മുതൽ യുഎഇയിലേക്കുള്ള സർവീസുകൾ വിസ് എയർ ഘട്ടമായി പുനരാരംഭിക്കുകയാണ്. സൈപ്രസ്, ഹംഗറി, പോളണ്ട്, റൊമാനിയ, ബൾഗേറിയ തുടങ്ങിയ 5 യൂറോപ്യൻ രാജ്യങ്ങളിലെ 6 പ്രമുഖ നഗരങ്ങളെ അബുദാബിയുമായും ദുബായിയുമായും ബന്ധിപ്പിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുക. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ പുതിയ സുരക്ഷാ വിലയിരുത്തലുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വിസ് എയറിന്റെ ഈ നിർണായക നീക്കം.
അബുദാബി (6 റൂട്ടുകൾ - ആഴ്ചയിൽ 20 സർവീസുകൾ)
ദുബായ് (2 റൂട്ടുകൾ - ആഴ്ചയിൽ 12 സർവീസുകൾ):
ശീതകാല സീസണിന്റെ ഭാഗമായി യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആകെ 12 റൂട്ടുകളിലായി 49 പ്രതിവാര സർവീസുകളാണ് വിസ് എയർ പുനഃസ്ഥാപിക്കുന്നത്. ഇതിലൂടെ 4,70,000-ത്തിലധികം സീറ്റുകൾ ലഭ്യമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam