
റാസല്‍ഖൈമ: ഭര്‍ത്താവ് അറിയാതെ അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വിസ റദ്ദാക്കിയ സംഭവത്തില്‍ പ്രവാസി യുവതിയെ കോടതി വെറുതെവിട്ടു. 36 വയസുകാരിയായ പ്രതിക്ക് നേരത്തെ കേസ് പരിഗണിച്ച റാസല്‍ഖൈമ പ്രാഥമിക കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സ്‍പോണ്‍സര്‍ഷിപ്പിലായിരുന്ന തന്റെ വിസ റദ്ദാക്കാനാണ് യുവതി തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചത്.
യുവതിക്ക് മൂന്ന് മാസം തടവും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമായിരുന്നു നേരത്തെ കീഴ്‍കോടതി ഉത്തരവിട്ടിരുന്നത്. യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‍നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തന്റെ ഫാമിലി വിസ റദ്ദാക്കി ഭാര്യയെ നാട്ടിലേക്ക് അയക്കാനായിരുന്നു ഭര്‍ത്താവിന്റെ പദ്ധതി. ഇത് മനസിലാക്കിയതോടെയാണ് യുവതി ഭര്‍ത്താവിന്റെ സ്‍പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒരു കമ്പനിയുടെ സ്‍പോണ്‍സര്‍ഷിപ്പിലേക്ക് മാറാന്‍ തീരുമാനിച്ചത്.
ഭര്‍ത്താവ് അറിയാതെ ഇതിനായി തിരിച്ചറിയല്‍ കാര്‍ഡ് കൈവശപ്പെടുത്തുകയും അത് താമസകാര്യ വകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്‍തു. ഭര്‍ത്താവ് യുഎഇയില്‍ ഉണ്ടോ എന്ന അധികൃതരുടെ അന്വേഷണത്തിന് അദ്ദേഹം യുഎഇയില്‍ ഉണ്ടെന്ന ഉറപ്പ് നല്‍കുകയും പിന്നീട് തന്റെ വിസ ഭര്‍ത്താവിന്റെ ഫാമിലി സ്‍പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറ്റി ഒരു കമ്പനിയുടെ സ്‍പോണ്‍സര്‍ഷിപ്പിലാക്കുകയും ചെയ്‍തു.
ഭാര്യ തന്നെ കബളിപ്പിച്ചതായും മകളെ ഉപയോഗിച്ച് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കുകയും ചെയ്‍തതായും ആരോപിച്ചാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. സ്‍കൂളിലെ ചില ആവശ്യങ്ങള്‍ക്കായി തിരിച്ചറിയല്‍ രേഖ വെണമെന്ന് പറഞ്ഞ് മകള്‍ തന്റെ പക്കല്‍ നിന്ന് ഐ.ഡി കാര്‍ഡ് വാങ്ങിയെന്നും ഇത് ഉപയോഗിച്ചാണ് ഭാര്യ തന്റെ വിസ മാറ്റിയതെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു.
എന്നാല്‍ യുവതി ഇത് നിഷേധിച്ചു. എന്ത് വേണമെങ്കിലും ചെയ്യൂ എന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് ഭര്‍ത്താവ് തനിക്ക് നേരെ വലിച്ചെറിഞ്ഞുവെന്നും അപ്പോഴാണ് താന്‍ അത് ഉപയോഗിച്ച് വിസ മാറ്റിയതെന്നും യുവതി പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ദമ്പതികളുടെ മകളും ഇത് ശരിവെച്ചു. വിസ മാറ്റുന്നതിന് വേണ്ടി അച്ഛന്‍ തിരിച്ചറിയല്‍ കാര്‍ഡ് അമ്മയ്‍ക്ക് നല്‍കുകയായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് അപ്പീല്‍ പരിഗണിച്ച കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam