
അബുദാബി: കാമുകിയെ കബളിപ്പിക്കാന്‍ തന്റെ മരണവാര്‍ത്ത വരെ വ്യാജമായുണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ കേസ്. കാമുകിയില്‍ നിന്ന് 2,15,000 ദിര്‍ഹം കടം വാങ്ങിയ ശേഷമാണ് ഇയാള്‍ മരണ വാര്‍ത്ത പ്രചരിപ്പിച്ച് മുങ്ങിയതെന്ന് പരാതിയില്‍ ആരോപിച്ചു. അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയാണ് കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞത്.
30 വയസില്‍ താഴെ പ്രായമുള്ള അറബ് യുവാവിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. താനും പ്രതിയായ യുവാവും പ്രണയത്തിലായിരുന്നുവെന്നും തന്നെ വിവാഹം ചെയ്യാമെന്ന് യുവാവ് സമ്മതിച്ചിരുന്നതായും ഹര്‍ജിയില്‍ യുവതി പറഞ്ഞു. തനിക്ക് ക്യാന്‍സര്‍ രോഗമാണെന്നും വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നും ഇയാള്‍ പ്രണയ കാലത്ത് യുവതിയെ ധരിപ്പിച്ചിരുന്നുവത്രെ. ഇതിന് പുറമെ നിരവധി സാമ്പത്തിക ബാധ്യതകളുടെ കാര്യങ്ങളും പറഞ്ഞു. ഇതൊക്കെ കേട്ടാണ്, തിരിച്ചു തരുമെന്ന ഉറപ്പിന്മേല്‍ താന്‍ 2,15,000 ദിര്‍ഹം യുവാവിന് നല്‍കിയതെന്നായിരുന്നു യുവതിയുടെ വാദം.
എന്നാല്‍ പണം കിട്ടിയതോടെ ഇയാള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചെന്നും പരാതിയില്‍ പറയുന്നു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ യുവാവ് മരിച്ചു പോയെന്ന് പിന്നീട് അയാളുടെ സഹോദരന്‍ യുവതിയെ അറിയിച്ചു. ഇത് വിശ്വസിച്ചെങ്കിലും പിന്നീട് ഒരിക്കല്‍ യുവാവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതോടെ എല്ലാം നാടകമായിരുന്നെന്ന് യുവതിക്ക് മനസിലായി. തന്നെ വിവാഹം ചെയ്യണമെന്നും പണം തിരികെ വേണമെന്നും അപ്പോള്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരസിച്ചു.
ഇതോടെയാണ് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കേസസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‍തത്. തന്റെ പക്കല്‍ നിന്ന് വാങ്ങിയ 2,15,000 ദിര്‍ഹം തിരികെ വേണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ പണം വാങ്ങിയെന്ന വാദം വിചാരണയില്‍ ഉടനീളം യുവാവ് നിഷേധിച്ചു. ഇരുഭാഗത്തെയും വാദം കേട്ട ശേഷം യുവാവ് പണം വാങ്ങിയെന്നത് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാടി കേസ് തള്ളുകയായിരുന്നു. യുവാവിന് നിയമ നടപടികള്‍ക്ക് ആവശ്യമായ പണവും പരാതിക്കാരി നല്‍കണമെന്ന് വിധിയില്‍ പറയുന്നു.
Read also: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ മലയാളി തീർത്ഥാടക എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ