രണ്ട് വര്‍ഷമായിട്ടും വിവാഹ പാര്‍ട്ടി നടത്താന്‍ പണമില്ലാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ

By Web TeamFirst Published Oct 17, 2020, 8:25 PM IST
Highlights

രണ്ട് വര്‍ഷം മുമ്പാണ് യുഎഇയിലെ ഒരു എമിറേറ്റില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും വിവാഹ കരാറില്‍ ഒപ്പുവെച്ചതെന്ന് കോടതി രേഖകള്‍ പറയുന്നു. പിന്നീട് നടത്താമെന്ന് തീരുമാനിച്ച വിവാഹ ആഘോഷ ചടങ്ങില്‍ ധരിക്കാനുള്ള ഗൗണും മറ്റ് സാധനങ്ങളുമെല്ലാം രണ്ട് ലക്ഷം ദിര്‍ഹം മുടക്കിയാണ് യുവതി വാങ്ങിയത്. 

അബുദാബി: താന്‍ സ്വപ്നം  കണ്ട് കാത്തിരുന്ന വിവാഹ ആഘോഷ ചടങ്ങ് രണ്ട് വര്‍ഷം കഴിഞ്ഞും നടക്കാതെ വന്നതോടെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ കോടതിയെ സമീപിച്ചു. യുഎഇ ഫെഡറല്‍ സുപ്രീം കോടതിയാണ് അറബ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വിവാഹമൂല്യമായി ഭര്‍ത്താവ് നല്‍കിയ ഒരു ലക്ഷം ദിര്‍ഹത്തില്‍ 80,000 ദിര്‍ഹം തിരികെ കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. നഷ്‍ടപരിഹാരം ഉള്‍പ്പെടെ യുവതി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല.

രണ്ട് വര്‍ഷം മുമ്പാണ് യുഎഇയിലെ ഒരു എമിറേറ്റില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും വിവാഹ കരാറില്‍ ഒപ്പുവെച്ചതെന്ന് കോടതി രേഖകള്‍ പറയുന്നു. പിന്നീട് നടത്താമെന്ന് തീരുമാനിച്ച വിവാഹ ആഘോഷ ചടങ്ങില്‍ ധരിക്കാനുള്ള ഗൗണും മറ്റ് സാധനങ്ങളുമെല്ലാം രണ്ട് ലക്ഷം ദിര്‍ഹം മുടക്കിയാണ് യുവതി വാങ്ങിയത്. രണ്ട് വര്‍ഷം കഴിഞ്ഞും ചടങ്ങ് നടന്നില്ല. തന്റെ പക്കല്‍ പണമില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.

വിവാഹ കരാറില്‍ ഒപ്പുവെച്ച ശേഷം ഭാര്യയോട് തന്റെ മാതാപിതാക്കളോടൊപ്പം കഴിയാന്‍ യുവാവ് ആവശ്യപ്പെട്ടുവെന്നും പ്രത്യേക വീട് നല്‍കിയില്ലെന്നും വിവാഹമോചന അപേക്ഷയില്‍ പറയുന്നു.  യുവതിയുടെ അമ്മ അവര്‍ക്ക് വീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവാവ് സമ്മതിച്ചില്ല. താന്‍ തന്നെ വീട് കണ്ടെത്തിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ വീട് വാങ്ങിയില്ലെന്നും താന്‍ തന്റെ കുടുംബത്തോടൊപ്പം തന്നെയാണ് താമസിച്ചിരുന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞു.

ഒരു ദിവസം പോലും ദമ്പതികള്‍ ഒരുമിച്ച് താമസിച്ചിരുന്നില്ല. വിവാഹം മുതല്‍ ഒരിക്കല്‍ പോലും തനിക്ക് ഭര്‍ത്താവ് ചെലവിനുള്ള പണം നല്‍കിയിട്ടില്ല. അമ്മയ്ക്കൊപ്പം ചികിത്സക്ക് പോകുന്നത് വിലക്കി. ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഇക്കാരണങ്ങളെല്ലാം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ജീവനാംശവും വിവാഹ ആഘോഷത്തിനായി വാങ്ങിയ സാധനങ്ങളുടെ നഷ്‍ടപരിഹാരവും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേസ് പരിഗണിച്ച ഫെഡറല്‍ സുപ്രീം കോടതി, വിവാഹ മോചനം അനുവദിച്ച കീഴ്‍കോടതികളുടെ വിധി ശരിവെയ്ക്കുകയായിരുന്നു. യുവാവ് വിവാഹമൂല്യമായി നല്‍കിയ ഒരു ലക്ഷം ദിര്‍ഹത്തില്‍ 80,000 ദിര്‍ഹം യുവതി തിരികെ നല്‍കണം. ഇതിന് പുറമെ യുവാവ് 30,000 ദിര്‍ഹം യുവതിക്കും നല്‍കണം. എന്നാല്‍ വിവാഹത്തിനായി വാങ്ങിയ വസ്ത്രത്തിന്റെ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു.

click me!