
ഷാര്‍ജ: ഷോപ്പിങിന് കൂടെ വരാനോ പണം നല്‍കാനോ തയ്യാറാവാത്ത ഭര്‍ത്താവിനെ യുവതി ഷൂ കൊണ്ടടിച്ചു. യുവതിയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പിശുക്കനായ തന്റെ ഭര്‍ത്താവ് കുടുംബത്തിന് വേണ്ടി പണമൊന്നും ചിലവഴിക്കാറില്ലെന്നായിരുന്നു യുവതി കോടതിയെ അറിയിച്ചത്. മര്‍ദിച്ചെന്ന ആരോപണങ്ങള്‍ യുവതി നിഷേധിക്കുകയും ചെയ്തു.
യുഎഇയിലെ അല്‍ റോയ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്നിലേറെ തവണ യുവതി ഭര്‍ത്താവിനെ മര്‍ദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജോലിക്ക് പോയി തിരികെ വന്ന ഭര്‍ത്താവ് വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു ഏറ്റവുമൊടുവിലെ മര്‍ദനം. തനിക്കൊപ്പം ഷോപ്പിങിന് വരണമെന്നാവശ്യപ്പെട്ട് യുവതി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അത് നിരസിച്ചപ്പോള്‍ പഴ്‍സില്‍ നിന്ന് എടിഎം കാര്‍ഡ് എടുക്കുകയും പിന്‍ നമ്പര്‍ ചോദിക്കുകയുമായിരുന്നു. പിന്‍ നമ്പര്‍ പറഞ്ഞുകൊടുക്കാതെ വീണ്ടും ഉറങ്ങുന്നതിനിടെ യുവതി ഷൂ കൊണ്ട് മര്‍ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തള്ളി നിലത്തിട്ടെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും ഇതുവരെ തനിക്കോ രണ്ട് മക്കള്‍ക്കോ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇയാള്‍ പണം ചിലവഴിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു. മാസം 15,000 ദിര്‍ഹത്തിലധികം ശമ്പളം വാങ്ങുന്ന ഭര്‍ത്താവ് അറുപിശുക്കനാണെന്നും യുവതി പറഞ്ഞു. അതേസമയം തന്നെ ഉപദ്രവിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. വാട്സ്ആപ് സന്ദേശം ഉള്‍പ്പെടെയുള്ളവയാണ് തെളിവുകളായി നല്‍കിയത്. കേസ് ഓഗസ്റ്റ് 22ലേക്ക് കോടതി മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam